ത്രേസ്യ വിളിച്ചു, നൗഫലിനെ ചേർത്തുപിടിക്കാൻ ജയസൂര്യ എത്തി
text_fieldsകൊച്ചി: വീൽ ചെയറിലിരുന്നു ത്രേസ്യ കളിക്കൂട്ടുകാരൻ നൗഫലിന് വേണ്ടി ചെയ്ത ആ വിഡിയോ ഹൃദയം കൊണ്ട് ഏറ്റെടുത്ത് നടൻ ജയസൂര്യയും തേവര എസ്.എച്ചും. സെറിബ്രൽ പാൾസി ബാധിതരാണ് സേക്രഡ് ഹാർട്ട് കോളജിലെ ബി.എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർഥിനി ഇടക്കൊച്ചി സ്വദേശിയും ഡെന്നി- സുമി ദമ്പതികളുടെ മകളുമായ ത്രേസ്യ നിമിലയും പള്ളുരുത്തി സ്വദേശികളായ നാസറിന്‍റെയും നജ്മയുടെയും മകനായ നൗഫലും.
ഒന്നര വയസ്സിലാണ് കുമ്പളങ്ങി വഴിയിലെ ശിൽപ സ്പെഷൽ സ്കൂളിൽ വെച്ച് ഇരുവരും കണ്ടുമുട്ടുന്നത്. 15 വയസ്സുവരെ അവിടെയായിരുന്നു കൂട്ടുകാർക്കൊപ്പം ഇരുവരും കളിച്ചും പഠിച്ചും വളർന്നത്. ദിവസവും വീട്ടിൽ നിന്ന് രാവിലെ സ്കൂളിലെത്തിയാൽ അതായിരുന്നു അവരുടെ ലോകം.
ഇതിനിടയിൽ ത്രേസ്യ 70 ശതമാനം മാർക്കോടെയും നൗഫൽ 60 ശതമാനം മാർക്കോടെയും പ്ലസ് ടു പൂർത്തിയാക്കി. ത്രേസ്യയുടെ അച്ഛൻ കണ്ടെയ്നർ ലോറി ഡ്രൈവറാണ്. മകളുടെ തുടർ പഠനമെന്ന സ്വപ്നത്തിന് മുന്നിൽ വിറങ്ങലിച്ച് പോയ ഡെന്നിക്ക് ആശ്വാസമായത് കോളജിലെത്താനുള്ള വാഹനത്തിന്‍റെ ചെലവ് റിട്ട. അധ്യാപകനായ വർഗീസ് എറ്റെടുത്തത് കൊണ്ടാണ്.
വാടക വീട്ടിലാണ് നൗഫലിന്‍റെ കുടുംബം താമസിക്കുന്നത്. ഗുരുതരമായി രോഗം ബാധിച്ചതിനാൽ ഓട്ടോ ഡ്രൈവറായ നാസറിന് ആ ജോലിക്കും പോകാൻ പറ്റുന്ന അവസ്ഥയല്ല. ഉമ്മയും രോഗബാധിതയായതോടെ നൗഫലിന്‍റെ തുടർ പഠനം പ്ലസ്ടുവിൽ ഉപേക്ഷിക്കേണ്ടി വന്നു.
പഠനമെന്നത് ഇരുവർക്കും വീൽ ചെയറിൽ വീടിനകത്ത് ഒതുങ്ങിപ്പോയ ജീവിതം ഇരുട്ട് മൂടിപോകാതിരിക്കാനുള്ള ശ്രമം കൂടിയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ത്രേസ്യ ഒരു യു ട്യൂബിലൂടെ േവ്ലാഗിങ്ങ് ആരംഭിക്കുന്നത്. അതിലൊരിക്കൽ നൗഫലായിരുന്നു അതിഥി.
നൗഫൽ തന്‍റെ സ്വപ്നങ്ങൾ ആ കൂട്ടുകാരിയുടെ മൊബൈൽ കാമറക്ക് മുന്നിൽ പറഞ്ഞ് തീർത്തു. ലാപ്ടോപ് കിട്ടിയാൽ വീൽ ചെയറിലിരുന്ന് ഡാറ്റ എൻട്രി വഴി എന്തെങ്കിലും വരുമാനം ഉണ്ടാക്കാമെന്നതായിരുന്നു ആ സ്വപ്നം. രണ്ടാമത്തേത് പ്രിയ നടൻ ജയസൂര്യയെ അടുത്ത് കാണണമെന്നതായിരുന്നു.
ത്രേസ്യയുടെ വിഡിയോ കണ്ട ജേണലിസം ഡിപ്പാർട്മെന്‍റ് ഹെഡ് സുജിത് നാരായണൻ നൗഫലിന്‍റെ സ്വപ്നത്തിനൊപ്പം നിൽക്കാൻ ഇറങ്ങിത്തിരിച്ചു. അതിന് കോളജിലെ വിദ്യാർഥികളും മാനേജ്മെന്‍റും ഒപ്പം നിന്നതോടെ ലാപ്ടോപ് വാങ്ങി. അടുത്ത അധ്യയന വർഷം കാമ്പസിൽ അഡ്മിഷൻ സൗകര്യം ഒരുക്കാമെന്ന് കോളജും തീരുമാനിച്ചതോടെ നൗഫലിന്‍റെ ജീവിതത്തിൽ വീണ്ടും ചിരി വിരിയുകയാണ്.
അപ്പോഴും കാര്യമായ വരുമാനം ഇല്ലാത്ത ആ കുടുംബത്തിന് മകനെ ദിവസവും കോളജിൽ എത്തിക്കാനുള്ള തുക കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നവും അകലെയാണ്. കോമെഴ്സ് ഡിപ്പാർട്മെന്‍റിന്‍റെ ഫെസ്റ്റിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ജയസൂര്യ നൗഫലിന് സ്നേഹോപഹാരമായ ലാപ്ടോപ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.