തൃക്കരിപ്പൂർ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ അന്തരിച്ചു
text_fieldsതൃക്കരിപ്പൂർ: സി.പി.എം കാസർകോട് മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1943 നവംബർ 10ന് തുരുത്തി വപ്പിലമാട് കെ.വി. കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്‍റെയും മകനായി ജനനം. പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്നു. എ.കെ.ജിയാണ് കുഞ്ഞാരാമനെ കെ.എസ്.എഫിലേക്ക് ആകർഷിച്ചത്. പള്ളിക്കര സംഭവം, അടിയന്തരാവസ്ഥ, ചീമേനി തോൽവിറക് പോരാട്ടം എന്നിവയടക്കമുള്ള ഒട്ടേറെ സമരങ്ങളിൽ മുൻനിര പോരാളിയായിരുന്നു.
1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റായി. തുടർന്ന് നീലേശ്വരം ബി.ഡി.സി ചെയർമാൻ, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം,1994 മുതൽ 2004 വരെ സി.പി.എം ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്നു.
ഭാര്യ: എൻ.ടി.കെ. സരോജിനി. മക്കൾ: സിന്ധു, ഷീന, ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളജ് ഓഫ് എൻജിനീയറിങ്), സുനിൽ. മരുമക്കൾ: ഗണേശൻ (റിട്ട. ജില്ല ബാങ്ക് കാസർകോട്), യു. സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ.
മൃതദേഹം രാവിലെ 10ന് കാലിക്കടവിലെത്തിക്കും. 11ന് കാരിയിൽ, 12ന് ചെറുവത്തൂർ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം 1ന് മട്ടലായിയിലെ മാനവീയം വസതിയിലെത്തിക്കും. തുടർന്ന് മട്ടലായിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.