പിണറായി 'കൊളുത്തി'; പി.ടി വികാരം ആയുധമാക്കി കോൺഗ്രസ്
text_fieldsകൊച്ചി: തൃക്കാക്കരയിൽ പി.ടി. തോമസ് എന്ന വികാരം ഉയരരുതെന്ന് ഇടതുപക്ഷം അത്രമേൽ ആഗ്രഹിച്ചിട്ടും മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിൽ ആ വികാരത്തിനുതന്നെ മേൽക്കൈ. എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ 'ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്ക് ലഭിച്ച സൗഭാഗ്യമാണെന്നും കഴിഞ്ഞ തവണ പറ്റിയ അബദ്ധം ഇക്കുറി ആവർത്തിക്കരുതെന്നു'മാണ് പിണറായി വിജയൻ പറഞ്ഞത്. ഇത് പി.ടിയെന്ന വികാരത്തെ അവഹേളിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ വേർപാടിനെ ആഘോഷമാക്കുന്നെന്നും കൃത്യമായി കോൺഗ്രസ് ഉയർത്തിയപ്പോൾ ഇടതുക്യാമ്പിൽ 'ക്യാപ്റ്റന്റെ' മാസ് എൻട്രി സൃഷ്ടിച്ച ആവേശത്തിന് അൽപം മങ്ങൽ.
കഴിഞ്ഞ ഡിസംബർ അവസാനം പി.ടിയുടെ വേർപാട് കോൺഗ്രസ് പ്രവർത്തകരിൽ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. അദ്ദേഹത്തിന് ലഭിച്ച യാത്രയയപ്പും അത്രയേറെ വികാരഭരിതമായി മാറി. എറണാകുളം നഗരം സാക്ഷ്യംവഹിച്ചിട്ടില്ലാത്തത്ര ജനമാണ് ടൗൺ ഹാളിൽ അവസാന നോക്കിനായി എത്തിയത്. പി.ടിയെന്ന വികാരം മാത്രം മതി ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനെന്ന പ്രചാരണം നിലനിൽക്കെയാണ് ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർഥിയാകുന്നത്.
സഭക്ക് അനഭിമതനായിരുന്ന പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ പി.ടി എന്ന വികാരത്തിനും അപ്പുറം രാഷ്ട്രീയ പോരാട്ടം എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് എത്തിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. ഉമ തോമസിന്റെ വാക്കുകളിലും രാഷ്ട്രീയ പോരാട്ടം എന്ന ഉറച്ച നിലപാടാണ് നിലനിന്നത്. പ്രചാരണം ആ നിലക്ക് മുന്നേറുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വീണ്ടും ചർച്ചകൾ പി.ടിയിലേക്കുതന്നെ വീശുന്നത്. ഇത് അനുകൂല ഘടകമാക്കാൻ കോൺഗ്രസും ഇറങ്ങിക്കളിച്ചു.
പി.ടിയുടെ പേര് ഉച്ചരിക്കുമ്പോൾ പോലും വിതുമ്പുന്ന തൃക്കാക്കരയിലെ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായ വനിതയുടെ വിഡിയോ പ്രചാരണ രംഗത്ത് ഇപ്പോൾ വൈറലാണ്. മുഖ്യമന്ത്രി പ്രചാരണത്തിന് എത്തിയപ്പോൾ ഇടതുക്യാമ്പിൽ ഉയർന്ന അത്യാവേശം അദ്ദേഹത്തിന്റെ ഒറ്റ വാക്കിലൂടെ തന്നെ തളർത്താനായതിന്റെ ആശ്വാസമാണ് വലതുക്യാമ്പിൽ.
2021ലെ തെരഞ്ഞെടുപ്പിൽ പി.ടി. തോമസ് 43.82 ശതമാനവും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജെ. ജേക്കബ് 33.32 ശതമാനവും ബി.ജെ.പിയിലെ എസ്. സജി 11.34 ശതമാനവും വോട്ടും കിഴക്കമ്പലം ട്വന്റി 20 സ്ഥാനാർഥി 10.18 ശതമാനം വോട്ടുമാണ് പെട്ടിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.