ട്രോൾ, അശ്ലീല വീഡിയോ.. തൃക്കാക്കര പ്രചാരണത്തിൽ നെറികേടുകൾ ഏറെ...
text_fieldsതൃക്കാക്കര: ട്രോൾ, വ്യാജ അശ്ലീല വീഡിയോ..അതിരുകടന്ന വിമർശനങ്ങൾ ഇങ്ങനെ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ നെറികേടുകൾ ഏറെയാണ്. ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിനെതിരായാണ് അശ്ലീല വീഡിയോ പ്രചരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഭക്ഷണം കഴിക്കുമ്പോൾ ഒരു പങ്ക് പി.ടി. തോമസിന്റെ ഓർമ്മയ്ക്ക് മുൻപിൽ നീക്കിവെക്കുന്നത് ചില മാധ്യമങ്ങളിൽ വാർത്തയാക്കിയിരുന്നു.
ഇതിന്റെ ചുവട് പിടിച്ചാണ് ഉമ തോമസിന്റെ സ്വകാര്യതയിലേക്ക് കടക്കുന്ന തരത്തിൽ വിമർശനം നടന്നത്. അശ്ലീല വീഡിയോക്ക് പിന്നിൽ യു.ഡി.എഫ് പ്രവർത്തകരാണെന്ന് കണ്ടെത്തി. വീഡിയോ നിർമ്മിച്ചവരുൾപ്പെടെ പൊലീസിന്റെ പിടിയിലായി. ഉമ തോമസിനെതിരായ പ്രചാരണത്തിനു പിന്നിൽ ഇടത് സൈബർ സംഘങ്ങളായിരുന്നു. അശ്ലീല വീഡിയോക്കെതിരെ ജോ ജോസഫിന്റെ ഭാര്യ ഡോ. ദയാ പാസ്ക്ക്കലുൾപ്പെടെരംഗത്തുവന്നിരുന്നു. തുടർന്നാണ് ഇടതുമുന്നണി പൊലീസിൽ പരാതി നൽകുന്നത്.
തെരഞ്ഞെടുപ്പുകമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലും വ്യക്തിഹത്യക്കെതിരെ കർശന നിർദേശമുണ്ട്. ഏതെങ്കിലും പാർടിയോ സ്ഥാനാർഥിയോ എതിർസ്ഥാനാർഥിക്കെതിരെ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്ന പ്രചാരണം നടത്തരുത്. പാർടികളുടെ നയം, പരിപാടി തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിമർശത്തിനപ്പുറം സ്ഥാനാർഥിയുടെ സ്വകാര്യജീവിതത്തെ വിമർശിക്കരുത്. സ്ഥിരീകരിക്കാത്ത ആരോപണങ്ങളും വളച്ചൊടിച്ച വസ്‌തുതകളും പ്രചരിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളുണ്ട്. ഇതൊക്കെ നിലനിൽക്കുമ്പോഴാണ് ട്രോളും അശ്ലീല വീഡിയോയും സജീവമാകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങൾ മൗനം പാലിക്കുന്നതുകൊണ്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാവുന്നതെന്ന വിമർശനം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.