എന്തുകൊണ്ട് കോൺഗ്രസ് ജയിച്ചു; തിരിച്ചു വരവിനായുള്ള പ്രവർത്തനം, കാരണങ്ങളിങ്ങനെ...
text_fieldsതൃക്കാക്കര: ഉരുക്ക് കോട്ടയാണെന്ന ആത്മവിശ്വാസം ഒരു ഘട്ടത്തിലും തൃക്കാക്കരയിൽ കോൺഗ്രസിനെ ബാധിച്ചില്ല. മണ്ഡലത്തിൽ പുതിയ കാലത്തെ പ്രചാരണ കോലാഹലങ്ങളിൽ വലിയ രീതിയിൽ മുഴുകാതെ, പാരമ്പര്യവഴിയിൽ വോട്ടർ പട്ടികയിൽ ചേർക്കേണ്ടവരെ ചേർത്തും തള്ളേണ്ടവരെ തള്ളിയുമുള്ള പ്രവർത്തനമാണ് കോൺഗ്രസ് പ്രധാനമായും നടത്തിയത്. ഇതിനുപുറമെ, കെ. റെയിലിനായുള്ള കല്ലിടൽ കേരളത്തെ സംഘർഷാന്തരീക്ഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായി കെ. റെയിലിനായുള്ള കുറ്റിയിടൽ നിർത്തി വെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമനസിലാക്കി യു.ഡി.എഫ് നേതാക്കൾ ഒന്നാകെ, കെ. റെയിൽ മുഖ്യപ്രചാരണ വിഷയമാക്കി. ഈ കെണിയിൽ ഇടതുമുന്നണി വീണു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ, കെ. റെയിൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തികളും, സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് മാറുമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്.
മുഖ്യമന്ത്രിയുൾപ്പെടെയുളള സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത നേതാക്കളും എന്തുവന്നാലും തൃക്കാക്കര സ്വന്തമാക്കി, നിയമസഭയിൽ 100 തികയ്ക്കുമെന്ന പ്രഖ്യാപനവും ഏറെ കരുതലോടെ നീങ്ങാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചു. ഇതിനുപുറമെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും കേരള രാഷ്ട്രീയത്തിൽ കരുത്ത് തെളിയിക്കാനുള്ള അവസരമാക്കിമാറ്റി. പ്രഫ. കെ.വി. തോമസിന്റെ രാഷ്ട്രീയ നീക്കം ഒരു ഘട്ടത്തിലും കോൺഗ്രസിനെ നിരാശരാക്കിയില്ല. ഒപ്പം, എറണാകുളത്തെ ഇടത്, പ്രവർത്തകരിൽ തെല്ലും ആവേശം സൃഷ്ടിച്ചില്ല. ഇതു കൃത്യമായി മനസിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞതുകൊണ്ടാവാം മുഖ്യമന്ത്രി പങ്കെടുത്ത പ്രഥമപൊതുയോഗത്തിനുശേഷം കെ.വി. തോമസിനെ അവഗണിച്ചു. ഉമ തോമസിന്റെ ലീഡ് ഉയർന്നുകൊണ്ടിരിക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു ചുറ്റും തമ്പടിച്ച യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം കെ.വി. തോമസിനോടുള്ള അമർഷം വ്യക്തമാക്കുന്നതാണ്. തുടർഭരണം ലഭിച്ച ഇടത് സർക്കാറിനു മുൻപിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ഉത്തരവാദിത്വമായി നേതാക്കളെടുത്തതും തിരിച്ചുവരവ് അനിവാര്യമാണെന്ന തിരിച്ചറിവും വിജയവഴി തെളിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.