ട്വന്റി 20യിൽ അഭയം പ്രാപിച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ തൃക്കാക്കരയിൽ ജനകീയ വിഷയങ്ങൾ മറന്ന് ട്വന്റി ട്വന്റിയുടെ വോട്ടിന് പിറകെ ഇരുമുന്നണികളും. സഭയിലും സഹതാപത്തിലും തുടങ്ങിയ പ്രചാരണപ്പോര് മുഖ്യമന്ത്രിയുടെ വരവോടെ നേർക്കുനേർ ഏറ്റുമുട്ടലായി മാറിയിരുന്നു. കെ- റെയിലിൽ എത്തിനിന്ന പ്രചാരണ വിഷയമാണ് ഒടുവിൽ മത്സര രംഗത്തില്ലാത്ത ട്വന്റിട്വന്റി-ആപ് സഖ്യത്തിന്റെ സാധ്യതാ വോട്ട് മോഹത്തിൽ തട്ടി നിൽക്കുന്നത്.
രൂപവത്കരണം മുതൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. ഒടുവിലത്തെ തെരഞ്ഞെടുപ്പിൽ ട്വന്റിട്വന്റി വെറും 13,000 വോട്ടാണ് നേടിയത്. ആപ്പിനാവട്ടെ പറയത്തക്ക സ്വാധീനവുമില്ല. 2021ലും പി.ടി.തോമസ് ഭൂരിപക്ഷം മുൻകാലത്തേതിൽനിന്ന് വർധിപ്പിച്ചു. ഇക്കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ട്വന്റിട്വന്റിയുടെ സ്വന്തം പഞ്ചായത്തായ കിഴക്കമ്പലത്ത് സി.പി.എമ്മാണ് ജയിച്ചതും.യു.ഡി.എഫ് കോട്ട പിടിച്ചാൽ 100 സീറ്റ് എന്ന മാജിക് നമ്പറിലെത്താമെന്നതാണ് എൽ.ഡി.എഫിനെ പ്രലോഭിപ്പിക്കുന്നത്. തോൽവി തിരിച്ചടിയല്ലെന്നും നേതൃത്വത്തിന് അറിയാം. യു.ഡി.എഫിനെ സംബന്ധിച്ച് നിലനിൽപ്പിന്റെ കൂടി തെരഞ്ഞെടുപ്പാണിത്. കെ.വി. തോമസിനെ പോലുള്ളവർക്ക് വലിയ വെല്ലുവിളി ഉയർത്താനാവില്ലെന്ന വിശ്വാസം നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ കോർപറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന കമ്പനി മാനേജ്മെന്റിന് മുന്നിൽ മുന്നണികൾ മുട്ടുമടക്കുന്നതിൽ അണികൾ അമർഷത്തിലാണ്. താഴെതട്ടിലെ സ്വന്തം സംഘടനാ ബലത്തെക്കൂടിയാണ് നേതാക്കൾ തള്ളിപ്പറയുന്നതെന്ന ആക്ഷേപം മുന്നണികൾക്കതീതമായി മണ്ഡലത്തിൽ ശക്തമാണ്.
ഇന്ധന വിലവർധന മുതൽ ഭക്ഷ്യസാധനങ്ങളുടെ അസാധാരണ വിലക്കയറ്റവും കാർഷിക മേഖലയിലെ വൻ തകർച്ചയുമായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വെല്ലുവിളി നേരിടുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ തെരഞ്ഞെടുപ്പ് ഗിമ്മിക്കായി മാത്രമാണ് കഴിഞ്ഞദിവസത്തെ കേന്ദ്രത്തിന്റെ ഇന്ധന നികുതി കുറവിനെ ബി.ജെ.പി അനുകൂലികൾ പോലും കാണുന്നത്.
സംസ്ഥാന സർക്കാർ നികുതി കുറച്ചുവോ എന്നതിലാണ് യു.ഡി.എഫ്- എൽ.ഡി.എഫ് വാക്പോര്. അപ്പോഴും കഴിഞ്ഞവർഷങ്ങളിൽ നികുതി അമിതമായി വർധിപ്പിച്ച കേന്ദ്രം ചർച്ചയിൽനിന്ന് ഒഴിവാക്കപ്പെടുന്നു. കടുത്ത സാമ്പത്തിക തകർച്ച ഇതുവരെ പ്രചാരണായുധമായിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ അമിത വിലക്കയറ്റം, കാർഷിക മേഖലയിലെ തകർച്ച, താഴ്ന്ന വരുമാനക്കാരും കർഷകരും ആത്മഹത്യയുടെ മുനമ്പിൽ എന്നീ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷവും മറുപടി നൽകാൻ ഭരണപക്ഷവും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.