ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
text_fieldsകൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം.
വോട്ട് നില: ഉമ തോമസ് -72,770. ഡോ. ജോ ജോസഫ് -47,754, എ.എൻ. രാധാകൃഷ്ണൻ -12,957.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും ഇടത് സ്ഥാനാർഥി ജോ ജോസഫിന് മുന്നിലെത്താൻ സാധിച്ചില്ല. 12 റൗണ്ടുകളായി നടന്ന വോട്ടെണ്ണലിൽ ഓരോ റൗണ്ടിലും ആനുപാതികമായി ഉമ തോമസ് ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു മത്സരം കാഴ്ചവെക്കാൻ പോലും ഇടത് സ്ഥാനാർഥിക്ക് സാധിച്ചില്ല. ഇടത് കേന്ദ്രങ്ങളെ പാടെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയാണ് തൃക്കാക്കരയിലെ വോട്ടർമാർ നൽകിയിരിക്കുന്നത്.
വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എൽ.ഡി.എഫിന്‍റെ സ്വപ്നമാണ് അസ്തമിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്നുള്ള വർധന മാത്രമാണ് ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ ലക്ഷ്യമിട്ടതെങ്കിലും വോട്ടുകൾ കുറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ അഭിമാന പദ്ധതിയായ കെ-റെയിൽ പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പായതിനാൽ, തൃക്കാക്കരയിലെ തിരിച്ചടി സർക്കാറിന്‍റെ വികസന നയങ്ങളെ ഏത് തരത്തിൽ ബാധിക്കുമെന്നത് വരുംനാളുകളിൽ കാത്തിരുന്ന് കാണേണ്ടതാണ്. പ്രത്യേകിച്ചും, കൊച്ചി നഗരത്തിന്‍റെ ഭാഗങ്ങൾ ഉൾപ്പെടുന്ന, മധ്യവർഗക്കാർ ഏറെയുള്ള തൃക്കാക്കരയിൽ ഇടത് സർക്കാറിന്‍റെ വികസന അജണ്ടകൾക്ക് സ്വീകാര്യത ലഭിക്കാതെ വന്ന സാഹചര്യത്തിൽ.
Live Updates
- 3 Jun 2022 11:43 AM IST
പിണറായി വിജയന്റെ 'ക്യാറ്റ്' പോയി -രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്റെ വൻവിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ക്യാറ്റ്' പോയി എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തിയിട്ട് ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാറ്റ് പോയി എന്നതാണ്. ഈ വിജയം ഇടതുമുന്നണിക്കേറ്റ കനത്ത പ്രഹരമാണ്. പിണറായി വിജയന്റെ കെ റെയിലിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു -ഉണ്ണിത്താൻ പറഞ്ഞു.
- 3 Jun 2022 11:17 AM IST
എൽ.ഡി.എഫ് സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള താക്കീതെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസൻ
- 3 Jun 2022 11:02 AM IST
ഉമ തോമസ് 17,782 വോട്ടിന് മുന്നിൽ
എട്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമ തോമസ് 17,782 വോട്ടിന് മുന്നിൽ
- 3 Jun 2022 10:54 AM IST
ശക്തമായ ഷോക്ക് ട്രീറ്റ്മെന്റെന്ന് ആന്റണി
തൃക്കാക്കരയിലെ പരാജയം എൽ.ഡി.എഫിന് ശക്തമായ ഷോക്ക് ട്രീറ്റ്മെന്റ് ആണെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. യു.ഡി.എഫിന്‍റെ ചിട്ടയോടെയും കൂട്ടായ്മയോടെയുമുള്ള പ്രവർത്തനമാണ് വിജയത്തിന് കാരണമെന്നും ആന്റണി പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.