തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പി.ഡി.പി. പിന്തുണ എൽ.ഡി.എഫിന്
text_fieldsഅടൂർ: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലും പി. ഡി.പി എൽ.ഡി.എഫിന് പിന്തുണ തുടരുമെന്ന് അടൂരിൽ കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നിയമസഭ പൊതു തെരഞ്ഞെടുപ്പിൽ പി. ഡി. പി. സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു രാഷ്ട്രിയ മാറ്റം സംസ്ഥാനത്തില്ല. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സർക്കാരിനു പിൻ തുണയും തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ വികസന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് ഒരു ഭരണപക്ഷ എം. എൽ.എ യും സാധ്യമാക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം അനിവാര്യമാണ്.
കേരളത്തിന്റെ ഭരണ തുടർച്ചക്കോ ഭരണ മാറ്റത്തിനോ തൃക്കാക്കരയുടെ തെരഞ്ഞെടുപ്പുഫലം സ്വാധീനിക്കില്ല എന്നതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് തുടരാൻ തന്നെയാണ് പി.ഡി.പി. തീരുമാനം. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസന കാര്യത്തിലും സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യത്തിലെ ഭരണകൂട നിലപാടുകളിലും പി. ഡി. പി. അതിന്റെ കൃത്യമായ നിലപാടും യോജിപ്പും ജനാധിപത്യ വിയോജിപ്പും പ്രശ്നാധിഷ്ഠിതമായി ബോധ്യപ്പെടുത്തിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും അത് ഇനിയും തുടരുമെന്നും നേതാക്കൾ പറഞ്ഞു.
സംഘപരിവാർ ഫാഷിസത്തിനെതിരെ ഇടതു മതേതര ചേരി ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്ത് ഉയർന്നുവരുന്ന വർഗ്ഗീയ വിദ്വേഷ വിഭാഗീയ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കാൻ യാതൊരു കാരണവ അനുവദിച്ചുകൊടുക്കാനാകില്ല. മാനവികതയും ബഹുസ്വരതയും മതേതരത്വവും നിലനിർത്തി ഭാവി കേരളത്തെ രൂപപ്പെടുത്താൻ ജനാധിപത്യ രാഷ്ട്രീയ സംഘടനകൾക്ക് കാലിക പ്രസക്തമായ ബാധ്യതയുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ബാബറി മസ്ജിദ് തകർത്തതും പോട്ട, ടാഡ തുടങ്ങിയ കരിനിയമങ്ങൾ നടപ്പാക്കിയതും കോൺഗ്രസ് ഭരണകാലത്താണ്. അതിൻ്റെ തുടർച്ചയാണ് ബി.ജെ.പി അനുവർത്തിക്കുന്നതെന്നും കോൺഗ്രസിനെ എതിർക്കുന്നതിനു പ്രധാന കാരണം അതാണെന്നും നേതാക്കൾ പറഞ്ഞു. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാന്മാരായ വർക്കല രാജ്, അഡ്വ. മുട്ടം നാസർ, ജനറൽ സെക്രട്ടറിമാരായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, മൈലക്കാട് ഷാ, മജീദ് ചേർപ്പ്, സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൊയ്തീൻ ചെമ്പോത്തറ, അൻവർ താമരക്കുളം, ടി. എ. മുഹമ്മദ് ബിലാൽ, ടി. എ. മുജീബ് റഹ്മാൻ, ജില്ല പ്രസിഡൻ്റ് റഷീദ് പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.