തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഉറ്റുനോക്കുന്ന ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്സ് ആസ്ഥാനത്താണ് വാർത്താ സമ്മേളനം. ട്വന്റി 20, ആംആദ്മി സംയുക്ത സ്ഥാനാർഥിയെ നിർത്താതെ വന്നതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും ഈ വോട്ടുകളിൽ പ്രതീക്ഷയുണ്ട്. എന്നാൽ, ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുകയാണ്. ഇരുമുന്നണിക്കും പരസ്യമായ പിന്തുണ നൽകിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.
ട്വന്റി 20 യുമായി സഖ്യം പ്രഖ്യാപിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ സഖ്യ പ്രഖ്യാപന സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ആപ്പും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നുമായിരുന്നു കെജ്‍രിവാളിന്റെ അവകാശവാദം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തോട് കരുതലോടെയാണ് മുന്നണികൾ പ്രതികരിച്ചത്.
വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കൺവീനര്‍ ഇപി ജയരാജൻ പറഞ്ഞു. അതേസമയം, നാലാം മുന്നണിയോട് പരസ്യമായി യു.ഡി.എഫ് വോട്ടഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതുമുന്നണിയോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ തൃക്കാക്കരയിൽ പുതിയ മുന്നണിയുടെ പിന്തുണ കോൺഗ്രസ് തേടുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.