വോട്ടെല്ലാം യന്ത്രത്തിലാക്കാൻ... മെട്രോയിൽ ഉമ, വീടുകൾ കയറി ജോ ജോസഫും രാധാകൃഷ്ണനും
text_fieldsകൊച്ചി: 'തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയാണ് ഞാൻ, പേര് ഉമ തോമസ്' -തിങ്കളാഴ്ച രാവിലെ കളമശ്ശേരി കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം വരെ മെട്രോയിൽ കയറിയവർക്ക് മുന്നിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് എത്തി. 'നിങ്ങൾക്ക് വോട്ടില്ലെങ്കിലും മണ്ഡലത്തിൽ വോട്ടുള്ള പരിചയക്കാരോട് പറയണം' അഭ്യർഥനയുമായി വോട്ടുചോദിച്ച ഉമ മെട്രോ യാത്രക്കാരുടെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. കളമശ്ശേരിയിൽ മെട്രോ തൂണിലെ ചരിവുമൂലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾ കുറച്ചതിനാൽ തിരക്കിൽ സീറ്റ് കിട്ടുന്നില്ലെന്ന പരാതിയാണ് ഒരാൾ പറഞ്ഞത്.
ട്രെയിൻ സർവിസ് കാക്കനാട്ടേക്കും നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും നീട്ടണമെന്ന ആവശ്യവും യാത്രക്കാരിൽനിന്നുയർന്നു. മെട്രോ രണ്ടാം ഘട്ടം കാക്കനാട്ടേക്ക് നീട്ടുന്ന യു.ഡി.എഫ് പദ്ധതിയിൽ ആറുവർഷം പിന്നിട്ടിട്ടും എൽ.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് ഉമ പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി ശ്രമിക്കുമെന്നും വോട്ടുചെയ്യാൻ മറക്കരുതെന്നും ഓർമിപ്പിച്ച് അവർ നീങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴിന് പാലാരിവട്ടം പൈപ്പ് ലൈൻ ജങ്ഷനിൽ 50ാം നമ്പർ ബൂത്തിലാണ് ഉമ വോട്ടുചെയ്യുക.
ഇതേസമയം, തമ്മനം- പുല്ലേപ്പടി റോഡിലെ വീടുകളിൽ കയറി വോട്ടുചോദിക്കുന്ന തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. 'വികസനം അല്ലാതെ മറ്റെന്തെങ്കിലും പ്രചാരണ വിഷയം എൽ.ഡി.എഫ് ഉയർത്തിയിട്ടില്ല. അത് ജനം ഏറ്റെടുത്തിട്ടുണ്ട്. ഉറപ്പായും എൽ.ഡി.എഫ് അട്ടിമറി വിജയം നേടും. തുടക്കം മുതലുള്ള ആത്മവിശ്വാസം ഇപ്പോഴുമുണ്ട്' - അദ്ദേഹം പറഞ്ഞു. വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് എൽ.ഡി.എഫ് തിങ്കളാഴ്ച ഇറക്കിയ ഷോർട്ട് വിഡിയോയിൽ കെ-റെയിലിന്റെ ആവശ്യകതയാണ് ആദ്യമായി വ്യക്തമാക്കുന്നത്. പാലാരിവട്ടം പാലം പുതുക്കിപ്പണിതതും മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടുന്നതുമെല്ലാം വിഷയമാക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴിന് പടമുകൾ ഗവ. യു.പി സ്കൂളിലെ 140ാം നമ്പർ ബൂത്തിൽ ഭാര്യ ദയ പാസ്കലിനൊപ്പം ജോ ജോസഫ് വോട്ട് ചെയ്യാനെത്തും.
എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രദർശനം നടത്തിയ ശേഷം ചമ്പക്കര മേഖലയിലാണ് വീടുകളിൽ കയറി വോട്ടുതേടിയത്. തുടർന്ന് എളംകുളത്തും കടവന്ത്രയിലും വെണ്ണലയിലും വീടുകളിൽ കയറി. ഇക്കുറി തങ്ങൾ വലിയ നേട്ടം കൈവരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണ്ഡലത്തിൽ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗങ്ങൾ വലിയ ഭയപ്പാടിലാണ്. അവരുടെ വോട്ടുകൾ തനിക്ക് ലഭിക്കും. ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കിയതിന് ശേഷമാണ് വികസനം പോലും അജണ്ടയിലേക്ക് വരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് രാധാകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.