വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
text_fieldsകൊച്ചി: തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി. ആകെ 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്.
മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണത്തേത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71 ശതമാനം, 2021ൽ 70.39 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. അന്തിമ ശതമാനക്കണക്ക് വരുമ്പോൾ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളടക്കം എട്ട് പേരാണ് മത്സരരംഗത്തുള്ളത്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽനിന്ന് പിടികൂടിയതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ജില്ലയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വോട്ടർമാരെ മുഴുവൻ ബൂത്തുകളിലെത്തിക്കാനുള്ള ഒരുക്കം മുന്നണികൾ നടത്തിയിരുന്നു. കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് വോട്ടർമാർ രാവിലെതന്നെ കൂട്ടത്തോടെ എത്തിയതാണ് പോളിങ് തുടക്കത്തിൽ ഉയരാൻ കാരണം. എന്നാൽ, ഉച്ചക്കുശേഷം മന്ദഗതിയിലായി. കാലാവസ്ഥ പ്രവചനത്തിന് വിരുദ്ധമായി ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് ആശ്വാസകരമായി.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽതന്നെ മിക്ക ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. മണ്ഡലത്തിലെ ഏക പിങ്ക് പോളിങ് ബൂത്തിൽ യന്ത്രത്തകരാറ് മൂലം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. മറ്റൊരു ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചശേഷം വോട്ടിങ് ആരംഭിച്ചു. രാത്രിയോടെ ബാലറ്റ് യൂനിറ്റുകൾ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോ ജോസഫാണ് എൽ.ഡി.എഫിന് വേണ്ടി മത്സര രംഗത്തുള്ളത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.
Live Updates
- 31 May 2022 8:39 AM IST
തൃക്കാക്കരയിൽ അട്ടിമറി വിജയം നേടും- ഡോ. ജോ ജോസഫ്
തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. എൽ.ഡി.എഫ് ഉജ്വല വിജയം നേടും. വോട്ടർമാരുടെ ആവേശം എൽ.ഡി.എഫിന് അനുകൂലം. തൃക്കാക്കര ഒരു മാറ്റം ആഗ്രഹിക്കുന്നു.
കേരളത്തിന്‍റെ വികസന കുതിപ്പിനൊപ്പം നിൽക്കണമെന്ന് മണ്ഡലം ആഗ്രഹിക്കുന്നു. എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തന്റെ വിജയം ഉറപ്പാക്കും. എൽ.ഡി.എഫ് നൂറ് തികയ്ക്കും. നൂറ് ശതമാനം ആത്മവിശ്വാസം - വോട്ട് രേഖപ്പെടുത്തിയ ശേഷം ഡോ. ജോ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.