സ്ഥാനാർഥികളെ ചർച്ചചെയ്തത് ഇന്ന് മാത്രമെന്ന് പി. രാജീവ്; 'പരിഗണിച്ചത് ഒറ്റപ്പേര് മാത്രം'
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിനായി പാർട്ടിയിൽ ചർച്ച നടന്നത് ഇന്ന് മാത്രമാണെന്ന് മന്ത്രി പി. രാജീവ്. തൃക്കാക്കരയിലേക്ക് ഡോ. ജോ ജോസഫിന്‍റെ പേര് മാത്രമാണ് പരിഗണിച്ചതെന്നും ബാക്കിയെല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ഇന്ന് മാത്രമാണ് സ്ഥാനാർഥികളെ ചർച്ചചെയ്തത്. മാധ്യമങ്ങളാണ് രണ്ട് വിഭാഗങ്ങൾ എന്നൊക്കെ പറയുന്നത്. തെരഞ്ഞെടുപ്പ് സന്ദർഭങ്ങളിൽ ഇത്രമാത്രം ഉത്തരവാദിത്തരഹിതമായി ചെയ്യരുത്. ഇന്നത്തെ ചർച്ചയിൽ ഒരു പേര് മാത്രമാണ് ഞങ്ങളുടെ മുന്നിൽ വന്നത്. ഏകകണ്ഠമായി ആ പേരിലേക്കെത്തുകയായിരുന്നു.
രാഷ്ട്രീയ പ്രവർത്തകർ മുഴുവൻ സമയ പ്രവർത്തകർ മാത്രമല്ല. പ്രഫഷണലുകളും മറ്റ് വിദ്യാസമ്പന്നരായ ആളുകളും എല്ലാവരും ചേർന്നതാണ് രാഷ്ട്രീയ പ്രവർത്തനം. നേരത്തെ ഇവരെല്ലാം സി.പി.എമ്മിനോട് ചേർന്നാണ് നിന്നിരുന്നത്. എന്നാൽ ഇപ്പോൾ സി.പി.എമ്മിനകത്ത് പാർട്ടിയുടെ ഭാഗമായി തന്നെ ഇത്തരത്തിലുള്ള ആളുകൾ വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചെറുപ്പക്കാരനാണ് ഡോ. ജോ ജോസഫ്.
ജയിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് നിർത്തിയത്. കഴിവുള്ള, നാടിനുവേണ്ടി പ്രവർത്തിക്കാൻ തയാറായ ആളുകളെ കൂടി തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇത് പാർട്ടിയുടെ പുതിയ രീതിയല്ല. 1957ൽ സ്വതന്ത്രരായ എത്രപേരെ കൊണ്ടുവന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും എത്ര സ്വതന്ത്രരെ കൊണ്ടുവന്നു. ഇപ്പോൾ സ്വതന്ത്രന്മാരെന്നതിനപ്പുറം ഇത്തരം ആളുകൾ സി.പി.എമ്മിന്‍റെ ഭാഗമായിത്തന്നെ വരികയാണ് -പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.