തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമമെന്ന് വി.ഡി. സതീശൻ; 'തൃക്കാക്കരയില്‍ സി.പി.എം-പി.സി. ജോര്‍ജ്-ബി.ജെ.പി അച്ചുതണ്ട്'
text_fieldsകൊച്ചി: തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജ വിഡിയോ നിർമിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കര അതിന് ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അവര്‍ മാത്രമാണ് ആ വിഡിയോയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. തൃക്കാക്കരയിൽ ബി.ജെ.പി-സി.പി.എം-പി.സി. ജോര്‍ജ് അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.
വിഡിയോ പ്രചരിപ്പിച്ചവരെയല്ല. അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. വിഡിയോ പ്രചരിപ്പിച്ച ഒരു ബി.ജെ.പിക്കാരന്‍ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സി.പി.എമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സി.പി.എം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സി.പി.എമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ല.
പത്രസമ്മേളനങ്ങളില്‍ പറഞ്ഞതിന്റെ പോലും വ്യാജനിർമിതി ഉണ്ടാക്കിയാണ് സി.പി.എം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിർമിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ഏതുവിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമ തോമസ് പി.ടി തോമസ് നേടിയതിനോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.