കലാശം കൊട്ടി തൃക്കാക്കര; നാളെ ബൂത്തിലേക്ക്
text_fieldsകൊച്ചി: ആവേശം കൊടുമുടികയറിയ കലാശക്കൊട്ടോടെ തൃക്കാക്കരയിൽ പരസ്യ പ്രചാരണം സമാപിച്ചു. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം, ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടത്ത് നടന്ന കൊട്ടിക്കലാശത്തില്‍ മൂന്ന് മുന്നണികളിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്.
ഉച്ചയോടെതന്നെ പാലാരിവട്ടം ജങ്ഷൻ പാർട്ടി പ്രവര്‍ത്തകരുടെ പിടിയിലമർന്നിരുന്നു. വൈകീട്ട് അഞ്ചിന് സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തതോടെ ഒരുമണിക്കൂർ അലകടലിന് സമാനമായി നഗരഹൃദയം. പ്രവർത്തകവൃന്ദത്തിന്‍റെ നടുവിലൂടെ ആദ്യം എത്തിയ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ് ക്രെയിനില്‍ കയറി മുകളിലേക്കുയര്‍ന്നപ്പോള്‍ ആവേശവും വാനോളമുയര്‍ന്നു. ചെങ്കൊടി വീശി ചുറ്റും കൂടിയവരെ അഭിവാദ്യം ചെയ്ത ഡോ. ജോ രണ്ടാമത് ക്രെയിനില്‍ കയറിയപ്പോള്‍ മന്ത്രി പി. രാജീവും എം. സ്വരാജും കൂടെയെത്തി. മുദ്രാവാക്യം വിളികളും ചെങ്കൊടിയേന്തിയ പ്രവര്‍ത്തകരും പാട്ടും നൃത്തവും വാദ്യഘോഷങ്ങളും കൊട്ടിക്കലാശത്തെ ഉത്സവ പ്രതീതിയിലാഴ്ത്തി.
തൊട്ടുപിന്നാലെ ഉമ തോമസിന്‍റെ മാസ് എൻട്രി നടൻ രമേഷ് പിഷാരടിക്കും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനുമൊപ്പമായിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ വിഷ്ണുനാഥ്, അൻവർ സാദത്ത് എന്നിവരും ഒപ്പമുണ്ടായി. ജിബി മേത്തർ എം.പിയുടെയും ബിന്ദു കൃഷ്ണയുടെയും നേതൃത്വത്തിൽ മഹിള കോൺഗ്രസ് പ്രവർത്തകർകൂടി എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം അലതല്ലി.
തൃക്കാക്കര ചുവപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അലകടലായി വന്നണഞ്ഞ പ്രവർത്തകരുടെ പ്രഖ്യാപനത്തിൽ മുഴച്ചുനിന്നത്. കോൺഗ്രസിന്‍റെ ശക്തികേന്ദ്രത്തിൽ അത് ഒട്ടും ചോർന്നിട്ടില്ലെന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു അവിടെ കൂടിയ പ്രവർത്തകസഞ്ചയം. നേരത്തേതന്നെ ബി.ജെ.പി പ്രവർത്തകർ പാലാരിവട്ടം ജങ്ഷന്‍റെ ഒരുവശം കൈയടക്കിയിരുന്നു.
സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെ മണ്ണുമാന്തി യന്ത്രത്തിന്‍റെ കൈയിൽ നിർത്തി ഉയർത്തിയാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും പി.കെ. കൃഷ്ണദാസും ഒപ്പമുണ്ടായി. ഇടക്ക് ബി.ജെ.പി- സി.പി.എം പ്രവർത്തകർ തമ്മിൽ കോർക്കുന്ന സ്ഥിതി എത്തിയപ്പോൾ പൊലീസ് ഇടപെട്ടു. ഇരുകൂട്ടരുടെയും നടുവിലായി റോഡിൽ പൊലീസ് വാൻ കൊണ്ടിട്ടാണ് മതിലൊരുക്കിയത്. തോക്കുധാരികളായ ബി.എസ്.എഫ് ജവാന്മാരെയും നഗരത്തിൽ വിന്യസിച്ചിരുന്നു. കലാശക്കൊട്ട് കഴിഞ്ഞതോടെ മണ്ഡലത്തിന് പുറത്തുനിന്നെത്തിയ നേതാക്കളെല്ലാം മണ്ഡലം വിട്ടു.
ഇക്കാര്യത്തിൽ ഇലക്ഷൻ കമീഷൻ കർശന നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് മണ്ഡലത്തിലെ പ്രമുഖർ തന്നെയാവും നേതൃത്വം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.