തൃക്കാക്കര: ഓർമകളെ സ്വാധീനംകൊണ്ട് മറികടക്കുകയല്ല സി.പി.എം
text_fieldsതിരുവനന്തപുരം: തൃക്കാക്കരയിൽ പി.ടി. തോമസിന്‍റെ ഓർമകളെ കെ.വി. തോമസിന്‍റെ 'സ്വാധീനം'കൊണ്ട് മറികടക്കുകയല്ല സി.പി.എം ലക്ഷ്യം. അതിനുള്ള സ്വാധീനം നിലവിൽ തോമസിനുണ്ടെന്നും സി.പി.എം കണക്കുകൂട്ടുന്നില്ല. പകരം സി.പി.എം മുന്നോട്ട് വെക്കുന്ന നവകേരള വികസന അജണ്ടക്ക് അനുകൂലമായി കോൺഗ്രസിലെ മുതിർന്ന ഒരു നേതാവ് തുറന്ന് സംസാരിക്കുന്നെന്നതിലാണ് നേതൃത്വത്തിന്‍റെ കണ്ണ്. ഇന്നത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടുന്ന കെ.വി. തോമസിനെ കോൺഗ്രസായിതന്നെ നിർത്തി യു.ഡി.എഫിന് എതിരായി ഉപയോഗിക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനം.
ഭരണത്തുടർച്ചയിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ വികസനവും സിൽവർ ലൈനും ചർച്ചയാവണമെന്നാണ് വിരുദ്ധ കാരണങ്ങളാൽ എൽ.ഡി.എഫും യു.ഡി.എഫും ആഗ്രഹിക്കുന്നത്. സി.പി.എം സംസ്ഥാന നേതൃത്വം പുതുതായി ഉയർത്തിക്കൊണ്ടുവരുന്ന വികസന അജണ്ട ചർച്ചയാക്കുക എന്നതിലാണ് എൽ.ഡി.എഫ് ഊന്നുന്നത്. മുഖ്യമന്ത്രി തൃക്കാക്കര മണ്ഡലത്തിലെ വികസനം എണ്ണിപ്പറഞ്ഞ് തുടക്കമിടും. ഭരണത്തിന്‍റെയും സംഘടനയുടെയും തണലിൽ മണ്ഡലത്തിലെ കോൺഗ്രസ് സ്വാധീനത്തെ മറികടക്കാനാണ് സ്ഥാനാർഥി നിർണയത്തിൽ വരെ 'സൂക്ഷ്മത' നേതൃത്വം പുലർത്തിയത്.
എന്നാൽ, സഭയുടെ പ്രതിനിധിയെന്ന ആദ്യഘട്ടത്തിലെ യു.ഡി.എഫ് ആക്ഷേപം ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമാക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. ഇതിനെ പ്രചാരണ അജണ്ട സൃഷ്ടിച്ച് മറികടക്കുകയാണ് ലക്ഷ്യം. കോൺഗ്രസുകാരനായിതന്നെ നിലകൊണ്ട് എൽ.ഡി.എഫ് വികസനത്തിന് അനുകൂലമായി സംസാരിക്കുന്ന കെ.വി. തോമസിന്‍റെ പ്രാധാന്യം എൽ.ഡി.എഫ് കാണുന്നു.
എ.ഐ.സി.സി അംഗംതന്നെ ഇടതുവികസനത്തെ പിന്തുണക്കുന്നെന്നത് ഉണ്ടാക്കിയേക്കാവുന്ന അനുരണനം എത്ര ചെറുതാണെങ്കിലും സ്വാധീനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സർക്കാറിന്‍റേത് ഇടതുവിരുദ്ധ വികസനമെന്ന പ്രചാരണത്തിനൊപ്പം വൈകാരികമായി വോട്ട് തേടുന്ന യു.ഡി.എഫിനെ, രാഷ്ട്രീയ സംവാദത്തിലേക്ക് പിടിച്ചുകെട്ടുകയും ലക്ഷ്യമാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി കഴിഞ്ഞ അഞ്ചുവർഷത്തെ വികസനത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിൽനിന്നുതന്നെ എൽ.ഡി.എഫിന്‍റെ മറുപടി തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.