തൃക്കാക്കര തെരഞ്ഞെടുപ്പ്: കെ-റെയിൽ പ്രധാന പ്രചരണ വിഷയമാകും, ഇരു മുന്നണിക്കും വെല്ലുവിളികൾ ഏറെ
text_fieldsഎറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണിപ്പോൾ രാഷ്ട്രീയ കേരളത്തിന്റെ ചർച്ച. പുതിയ കേരളീയ സാഹചര്യത്തിൽ കെ-റെയിലായിരിക്കും തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയം. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ രാഷ്ട്രീയവെല്ലുവിളികൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. സ്വന്തം മണ്ഡലത്തിലെ തോൽവി കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയില്ല.
നിയമസഭയിൽ 99 സീറ്റിൽ നിൽക്കുന്ന ഇടത് മുന്നണിക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ അംഗബലത്തിൽ സെഞ്ച്വറി അടിക്കാൻ കഴിയും. 41 സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് അംഗബലം കുറയാതിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ചുരുക്കത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി തൃക്കാക്കര മാറും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടി ശക്തി തെളിയിക്കുക എന്ന വലിയ വെല്ലുവിളി ബി.ജെ.പിയ്ക്കുമുണ്ട്. കെ-റെയിൽ വിഷയമായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയം. കെ റെയിലിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന യു.ഡി.എഫിന്, ജനം ഈ പദ്ധതിക്ക് എതിരാണ് എന്ന് വിളിച്ച് പറയാൻ തൃക്കാക്കരയിൽ വിജയം അനിവാര്യമാണ്. കെ. സ്റ്റേഷനുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര.
ഉറച്ച സീറ്റിൽ തോൽവി ഉണ്ടായാൽ കെ. സുധാകരന്റേയും വി.ഡി സതീശന്റെയും നേതൃത്വവും കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും. എന്നാൽ കെ-റെയിൽ പ്രതിഷേധങ്ങൾ ജനങ്ങൾ തള്ളിയെന്ന് പറയാൻ എൽ.ഡി.എഫിനും വിജയം അനിവാര്യമാണ്.
വിജയം നേടാനായാൽ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തണുക്കുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നുണ്ട്. കണക്കുകൾ യു.ഡി.എഫിന് അനുകൂലമാണെങ്കിലും സർവ്വായുധങ്ങളും എടുത്ത് പ്രയോഗിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇതിനിടെ, ആരാവും ഇരുമുന്നണികളുടെയും സ്ഥാനാർഥിയെന്നത് പ്രധാനമാണ്. കോൺഗ്രസ് സ്ഥാനാർഥിയായി പി.ടി. തോമസിന്റെ ഭാര്യ ഉമതോമസിനാണ് സാധ്യത. പ്രഖ്യാപനം ഇന്നുണ്ടാകും. ഇതേസമയം ഇടത് സ്വതന്ത്രനായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളുന്നില്ല. തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 31ന് നടക്കും. മേയ് 11വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16വരെ നാമനിർദേശ പത്രിക പിൻവലിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.