കാടിളക്കിയ പ്രചാരണവും ഏശിയില്ല; വോട്ടുകുറഞ്ഞതിൽ വേവലാതി
text_fieldsകൊച്ചി: നഗരമണ്ഡലമായ തൃക്കാക്കരയിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും ഉപതെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം താഴ്ന്നത് ആരെ ബാധിക്കുമെന്ന് തല പുകക്കുകയാണ് മുന്നണികൾ. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവാണ് ഇക്കുറി രേഖപ്പെടുത്തിയ 68.77 ശതമാനം. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
കണയന്നൂർ താലൂക്കിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ് തൃക്കാക്കര മണ്ഡലം. നഗരകേന്ദ്രീകൃതമായ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 2016ൽ 74.71 ശതമാനമാണ്. 2021ലെ പോളിങ്ങായ 70.39 ശതമാനത്തിൽനിന്ന് 1.62 ശതമാനം വോട്ട് ഇക്കുറി കുറഞ്ഞു. 3633 പുതിയ വോട്ടർമാർ കൂടി ചേർന്നിട്ടും പോളിങ് കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്ന് ഇരുമുന്നണിയും അവകാശപ്പെടുന്നുണ്ടെങ്കിലും ആരുടെ വോട്ടാണ് കുറയുകയെന്നത് നേതാക്കൾക്ക് ആശങ്കയുണ്ട്.
ആകെയുള്ള 239 ബൂത്തിൽ ഏറിയയിടങ്ങളിലും 62 - 68 ശതമാനമാണ് പോളിങ്. പോണേക്കര, ചളിക്കവട്ടം, പൊന്നുരുന്നി, വൈറ്റില, തെങ്ങോട് എന്നിവിടങ്ങളിലാണ് പോളിങ് 79- 83 ശതമാനം വരെ എത്തിയത്. ഇടപ്പള്ളി, കടവന്ത്ര, ഗിരിനഗർ തുടങ്ങിയ മേഖലകളിൽ 60 ശതമാനത്തിലും താഴെയാണ്. ഇടതുശക്തി കേന്ദ്രങ്ങളിൽ ഒരു വോട്ടുപോലും ചെയ്യാതെ പോയിട്ടില്ലെന്ന് ഇടതുനേതാക്കൾ വിലയിരുത്തുന്നു.
എന്നാൽ, 2021ൽ പി.ടി. തോമസിന് കൂടുതൽ വോട്ട് ലഭിച്ച മേഖലകളിൽ ഇക്കുറി പോളിങ് ശതമാനം കുറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോൾ ചെയ്യാതെ പോയ വോട്ടുകൾ തങ്ങളുടേതല്ലെന്ന് പറയുകയാണ് യു.ഡി.എഫ്.
ആം ആദ്മി-ട്വന്‍റി20 സഖ്യം സ്ഥാനാർഥിയെ നിർത്താത്തതിനാൽ രാഷ്ട്രീയ താൽപര്യമില്ലാത്ത വിഭാഗം വോട്ടെടുപ്പിൽനിന്ന് മാറിനിന്നിട്ടുണ്ട്. വിദേശത്തും അന്തർസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന വലിയൊരു വിഭാഗവും മണ്ഡലത്തിലുണ്ട്. പോസ്റ്റൽ വോട്ട് ഇല്ലാത്തതിനാൽ ഈ വോട്ടുകൾ പോൾ ചെയ്യപ്പെടാതെ പോയി.
അവസാന വിലയിരുത്തലിൽ 2500 മുതൽ 5000 വോട്ട് വരെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. പി.ടി. തോമസിന്‍റെ ഭൂരിപക്ഷമായ 14,329 വോട്ടിൽ എത്തില്ലെങ്കിലും 7500 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. 5000 വോട്ട് വരെ കൂടുതൽ നേടുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശ്വാസം.
പോളിങ് ശതമാനം കുറഞ്ഞത് പ്രതിസന്ധിയാകില്ല. പോസ്റ്റൽ വോട്ടുകൾ ഇല്ലാത്തതും വലിയൊരു ശതമാനം വോട്ടർമാർ സ്ഥലത്തില്ലാത്തതുമാണ് പോളിങ് കുറയാൻ കാരണം. എന്നാലും മികച്ച ഭൂരിപക്ഷം ലഭിക്കും. - ഉമ തോമസ് - യു.ഡി.എഫ് സ്ഥാനാർഥി
താഴെതട്ടുമുതൽ പാർട്ടി പ്രവർത്തകർ അച്ചടക്കത്തോടെ പ്രവർത്തിച്ചു. അട്ടിമറി വിജയം ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിന് അനുകൂലമായ രീതിയിലാണ് പോളിങ്. പാർട്ടിയുടെ ഒരു വോട്ടുപോലും ചോർന്നിട്ടില്ല. - ജോ ജോസഫ് - ഇടത് സ്ഥാനാർഥി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.