തൃക്കാക്കര: സാദിഖലി തങ്ങളെ സന്ദർശിച്ച് ലീഗ് നേതൃയോഗത്തിൽ പങ്കെടുത്ത് ഉമ തോമസ്
text_fieldsകൊച്ചി: വോട്ട് അഭ്യർഥിച്ചും അനുഗ്രഹം തേടിയും പ്രമുഖരെ സന്ദർശിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. 'നീ വന്നില്ലെങ്കിലും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്, ജയിച്ച് വരും'. ലീലാവതി ടീച്ചറുടെ വസതിയിലെത്തിയ ഉമ തോമസിനെ അവർ സ്വീകരിച്ചത് ഈ വാക്കുകൾ പറഞ്ഞാണ്.
പി.ടി. തോമസിന് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടിവെക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും തെറ്റിച്ചില്ല. തന്‍റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തിൽ ചേർത്തുനിർത്തിയ ടീച്ചറിന്‍റെ അടുത്ത് ഇത്ര വലിയ ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോഴുള്ള വൈകാരികത ഉമ തോമസ് പങ്കുവെച്ചു.
അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. എം.കെ. സാനുവിനെയും ഉമ തോമസ് സന്ദർശിച്ചു. പി.ടി. തോമസും ഉമയും തന്‍റെ ശിഷ്യന്മാരാണെന്നും വിജയം ഉറപ്പാണെന്നും സാനുമാഷ് പറഞ്ഞു. നടൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയും വോട്ട് അഭ്യർഥിച്ചു. ഹൈബി ഈഡൻ എം.പി, രമേഷ് പിഷാരടി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഉച്ചക്കുശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ എറണാകുളത്ത് സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പാർട്ടി ജില്ല ഭാരവാഹികളും കൂടെയുണ്ടായിരുന്നു.
തമ്മനം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ, തമ്മനം സെന്റ് ജൂഡ് ചർച്ച്, സെൻറ് ജൂഡ് ആശ്രയ ഭവൻ, ശാന്തിഗിരി ആശ്രമം, സെന്‍റ് ജോൺസ് ബാപ്പിസ്റ്റ് ചർച്ച്, സെന്‍റ് വിൻസന്‍റ് ഡീപോൾ കോൺവെന്‍റ്, സെന്‍റ്. തോമസ് മൗണ്ട്, പേട്ട, ഗാന്ധിസ്ക്വയർ എന്നിവിടങ്ങളിലും വോട്ട് തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.