തൃക്കാക്കര സ്ഥാനാർഥിത്വം: വിവാദങ്ങൾ പരിശോധിക്കാൻ സി.പി.എം കമീഷൻ
text_fieldsതിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ വിവാദങ്ങൾ സി.പി.എം പരിശോധിക്കും. ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ എറണാകുളം ജില്ല കമ്മിറ്റിക്കും രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ വയനാട് ജില്ല കമ്മിറ്റിക്കുമെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനമുയർന്നു.
തൃക്കാക്കര സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പവും അതുണ്ടാക്കിയ വിവാദകാരണവും കണ്ടെത്താനാണ് രണ്ടംഗ കമീഷനെ നിയോഗിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണനുമാണ് അംഗങ്ങൾ. സ്ഥാനാർഥി നിർണയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സ്ഥാനാർഥി ചർച്ചകൾ പാർട്ടിയിൽ നടക്കുന്നതിനിടെയാണ് കെ.എസ്. അരുൺകുമാറിന്റെ പേര് മാധ്യമങ്ങളിൽ ഉയർന്നുവന്നത്. അതിനെ സ്ഥിരീകരിക്കുന്ന നിലപാട് പാർട്ടി എം.എൽ.എയിൽ നിന്ന് ഉണ്ടായി.
ഒടുവിൽ സംസ്ഥാന സമിതിക്ക് അതിനെ തള്ളിപ്പറയേണ്ടിവന്നു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അംഗങ്ങൾ ചോദിച്ചു. ഈ ആശയക്കുഴപ്പത്തെ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും നല്ലതുപോലെ മുതലെടുത്തു. ഒടുവിൽ പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ കോൺഗ്രസ് മതനിരപേക്ഷത പിന്തുടരുന്നവരെന്ന പ്രചാരണത്തിനും വഴിവെച്ചു. എറണാകുളം ജില്ല കമ്മിറ്റിയുടെ അവധാനതക്കുറവും വിവാദങ്ങൾ ആളിക്കത്താൻ ഇടയാക്കി. ജില്ല നേതൃത്വം ആശയക്കുഴപ്പം പരിഹരിക്കാൻ ഇടപെട്ടില്ല.
കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിന് എതിരെയും രൂക്ഷ വിമർശനമുയർന്നു. ജില്ല നേതൃത്വം അറിയാതെ എങ്ങനെയാണ് മാർച്ച് നടന്നതെന്നായിരുന്നു ചോദ്യം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണത്. കോൺഗ്രസിന്റെ കൈയിൽ ആയുധം കൊടുത്തതിന് തുല്യമാണിത്. എന്നാൽ, പ്രതിഷേധവിവരം മാത്രമാണ് അറിഞ്ഞതെന്ന് ജില്ല സെക്രട്ടറി ഗഗാറിൻ വിശദീകരിച്ചു. യുവാക്കളുടെ ആവേശത്തിൽ സംഭവിച്ചതാണിത് -ഗഗാറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.