തൃക്കാക്കര പരാജയം: മുഖം രക്ഷിക്കാൻ ജനക്ഷേമ പദ്ധതികൾ അണിയറയിൽ, ഭരണ തലത്തിലും മാറ്റമുണ്ടായേക്കും...
text_fieldsതിരുവനന്തപുരം: പുതിയ സാഹചര്യത്തിൽ സർക്കാർ ജനപക്ഷക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി സൂചന. സംസ്ഥാന സർക്കാറിന്റെ മുഴുവൻ ശേഷി ഉപയോഗിച്ചിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണീ നീക്കം. ഭരണതലത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണറിയുന്നത്. ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു വിശദ ചർച്ച ഉണ്ടാകും. നിലവിൽ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വൻ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം ഇനത്തിൽ 5,000 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. ഇതിൽ, ഒരു ഭാഗം ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനാണ് നീക്കം.
സിൽവർലൈൻ പോലെ വൻകിട പദ്ധതികളുടെ പിന്നാലെ പോയി ജനങ്ങളുടെ എതിർപ്പു ക്ഷണിച്ചു വരുത്തുന്നതിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിനും സി.പി.ഐക്കും അതൃപ്തിയുണ്ട്. സിൽവർലൈനിനു കേന്ദ്ര അംഗീകാരം ലഭിച്ചശേഷം തുടർനടപടിയുമായി മുന്നോട്ടു പോകാനാണു പുതിയ സാഹചര്യത്തിൽ സാധ്യത. തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെങ്കിൽ ഇത്തവണ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഉമ തോമസിന്റെ ഭൂരിപക്ഷം വർധിച്ചതും വലിയ ക്ഷീണം ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.