തൃക്കാക്കര നഗരസഭ: ആക്ടിങ് ചെയർമാനോട് രാജി ആവശ്യപ്പെട്ട് ലീഗ് നേതൃത്വം
text_fieldsകാക്കനാട്: തൃക്കാക്കരയിൽ നഗരസഭ വൈസ് ചെയർമാനോട് രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം. ലീഗ് നേതാവും നിലവിൽ ആക്ടിങ് ചെയർമാനുമായ കെ.എ. ഇബ്രാഹിംകുട്ടിയോടാണ് വെള്ളിയാഴ്ച വൈകുന്നേരത്തിനു മുമ്പായി രാജിവെക്കണമെന്ന് ജില്ല നേതൃത്വം ആവശ്യപ്പെട്ടത്.ശനിയാഴ്ച അവിശ്വാസപ്രമേയം നേരിടാനിരിക്കെയാണ് അന്ത്യശാസനം. ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഇബ്രാഹിംകുട്ടിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ചേർന്ന ലീഗ് യോഗത്തിലാണ് തീരുമാനം. മുൻധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം ഇബ്രാഹിം കുട്ടി രാജിവെച്ച് മറ്റൊരു ലീഗ് കൗൺസിലറായ പി.എം. യൂനുസിന് ചുമതല നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ, കാലാവധി പൂർത്തിയാക്കിയിട്ടും രാജിവെക്കാതെ വന്നതോടെ കൗൺസിലർമാർക്കും നേതാക്കൾക്കുമിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.
പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ജില്ല നേതൃത്വം അന്ത്യശാസനം നൽകിയത്. കെ.എം. അബ്ദുൽ മജീദ്, ജില്ല ഉപാധ്യക്ഷനും നിരീക്ഷകനുമായ കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ഉപാധ്യക്ഷൻമാരായ പി.എ. മമ്മു, പി.കെ. ജലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലീഗ് കൗൺസിലർമാരുടെയും നിയോജക മണ്ഡലം നേതാക്കളുടെയും യോഗം ചേർന്നത്.
രണ്ടര വർഷം മുമ്പ് ഭരണം പങ്കുവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത യോഗങ്ങളുടെ മിനിറ്റ്സ്, ഇത് സംബന്ധിച്ച് വന്ന പത്രവാർത്തകൾ എന്നിവ അടക്കമായിരുന്നു ഇബ്രാഹിംകുട്ടി വിരുദ്ധ ചേരി യോഗത്തിൽ പങ്കെടുത്തത്. കൗൺസിലർമാരായ പി.എം. യൂനുസ്, ഷിമി മുരളി, ടി.ജി. ദിനൂപ് തുടങ്ങിയവരും ഹാജരായിരുന്നു. ഇവരും രാജി ആവശ്യത്തെ പിന്തുണക്കുകയായിരുന്നു. ശനിയാഴ്ച എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ വിജയിച്ച ശേഷം രാജി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വിവരം. അതിനിടെയാണ് അടിയന്തരമായി രാജിവെക്കണമെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.