തൃക്കാക്കര വിധി: സിൽവർ ലൈൻ നടപടികളുടെ വേഗം കുറച്ചേക്കും
text_fieldsതിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സിൽവർ ലൈനിനെ ബാധിക്കില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും 'അതിവേഗ' അവകാശവാദങ്ങളുടെ മുനയൊടിച്ചുള്ള ജനവിധി നടപടികളുടെ വേഗം കുറച്ചേക്കും. ഫലം വന്നതോടെ സമരസമിതികൾ കൂടുതൽ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണെങ്കിൽ മറുവശത്ത് ഭരണമുന്നണിക്കുള്ളിൽതന്നെ മറുസ്വരങ്ങൾ ഉയരുകയാണ്.
ഈ തെരഞ്ഞെടുപ്പിൽ ഒരു പാഠമുണ്ടെന്നും വികസനത്തെപ്പറ്റിയുള്ള ചർച്ച കേരളത്തിലുണ്ടാകുമെന്നും മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയുടെ സ്വയംവിമർശന സ്വഭാവത്തിലുള്ള പരസ്യ പ്രതികരണം നിലപാടുമാറ്റത്തിലേക്ക് വിരൽചൂണ്ടുകയാണ്. സിൽവർ ലൈൻ നടപ്പാക്കിയേതീരൂവെന്നായിരുന്നു നിയമസഭയിലും വിശദീകരണ യോഗങ്ങളിലും മുഖ്യമന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തൃക്കാക്കര വിധിക്കു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ 'അതുമായി ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും'എന്ന അൽപം മയപ്പെട്ട നിലപാടിലേക്ക് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തിയെന്നതും ഇതിനോട് ചേർത്തുവായിക്കണം. സിൽവർ ലൈനിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്ന വൃന്ദ കാരാട്ടിന്റെ പ്രതികരണവും പിന്നാലെയെത്തി.
അഭിമാന വികസന പദ്ധതിയായി സർക്കാർ മുന്നോട്ടുവെച്ച അർധ അതിവേഗ പാതയെക്കൂടി കേന്ദ്രീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ചർച്ചകളധികവും. വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള പോരാട്ടം എന്നനിലയിലേക്ക് വരെ ചൂടേറിയ തെരഞ്ഞെടുപ്പ് കളം വഴിമാറിയിരുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫിനേറ്റ പരാജയം സിൽവർ ലൈനിനെതിരെ കൂടിയുള്ള ജനകീയ വിധിയെഴുത്തായി വിലയിരുത്തപ്പെടുകയാണ്.
തൃക്കാക്കരയിൽ സിൽവർലൈൻ വിഷയം ശക്തമായി പ്രതിഫലിച്ചെന്നും ജനത്തിനെ വെല്ലുവിളിച്ച സർക്കാർ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സംസ്ഥാന കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കുന്നു. ജനകീയ വികസനമല്ല സിൽവർ ലൈനെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പദ്ധതിയിൽനിന്ന് സർക്കാർ സമ്പൂർണമായി പിന്മാറണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സർവേ നിർത്തിവെച്ച് ചർച്ചകൾ നിശ്ശബ്ദമാക്കാനായിരുന്നു സർക്കാർ നീക്കം. പിന്നാലെ കല്ലിടലിൽനിന്ന് പിൻവാങ്ങുകയും ജിയോ മാപ്പിങ് വഴി അടയാളങ്ങൾ സ്ഥാപിച്ച് സർവേ നടത്താമെന്ന നിലയിലേക്ക് സർക്കാർ മലക്കം മറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.