തൃശൂരും പാലക്കാടും ഭൂമികുലുക്കം; ആളുകൾ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി
text_fieldsതൃശൂർ/പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളിൽ നേരിയ ഭൂമികുലുക്കം. രാവിലെ 8.15ന് റിക്ചർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്.
തൃശൂർ ജില്ലയിലെ വേലൂർ, കടങ്ങോട്, എരുമപ്പെട്ടി, വരവൂർ, ഗുരുവായൂർ, പഴഞ്ഞി, കാട്ടകാമ്പാൽ, മങ്ങാട് മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്. രാവിലെ 8.15ന് മൂന്ന് സെക്കൻഡ് നേരം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്.
ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. എവിടെ നിന്നും അപകട വിവരം അറിവായിട്ടില്ല. പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വീടുകൾക്ക് കേടുപാടോ വിള്ളലോ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തിരുമറ്റക്കോടിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഇവിടെയും രാവിലെ 8.15നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. വലിയ ഇടിമുഴക്കത്തോടെയുള്ള ശബ്ദമാണ് കേട്ടത്. പ്രകമ്പനം മൂന്ന് സെക്കൻഡ് ആണ് നീണ്ടുനിന്നതെന്നും സ്ഥലവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.