മുഖ്യമന്ത്രി നടത്തുന്നത് മുസ് ലിം പ്രീണനം; അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും നൽകുന്നുവെന്ന് തൃശൂർ അതിരൂപതാ മുഖപത്രം
text_fieldsതൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ 'കത്തോലിക്ക സഭ'. മുഖ്യമന്ത്രിയുടേത് മുസ് ലിം പ്രീണനമാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. മുസ് ലിം സമൂഹം അനർഹമായതൊന്നും നേടിയില്ലെന്ന് പിണറായി പറയുന്നു. ഇത് മറ്റ് ന്യൂനപക്ഷങ്ങൾക്കെതിരാണ്. മുസ് ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
കെ.ടി ജലീലിലൂടെ എൽ.ഡി.എഫ് നടത്തുന്നത് മുസ് ലിം പ്രീണനമാണ്. അർഹതപ്പെട്ട പല ആനുകല്യങ്ങളും പദവികളും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കുന്നു. നേരത്തെ, യു.ഡി.എഫ് ചെയ്ത പ്രീണനം ഇപ്പോൾ എൽ.ഡി.എഫും പിന്തുടരുന്നു. ഫണ്ട് വിഹിതത്തിലടക്കം ക്രൈസ്തവരെ അവഗണിക്കുന്നതിനൊപ്പം മുസ് ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും നൽകുകയാണെന്നും മുഖപത്രം ആരോപിക്കുന്നു.
ഹാഗിയ സോഫിയ വിഷയത്തിലെ ചാണ്ടി ഉമ്മന്‍റെ പരാമർശത്തെയും മുഖപത്രം വിമർശിച്ചു. ചാണ്ടി ഉമ്മന്‍റെ പരാമർശം തല മറന്ന് എണ്ണ തേക്കലാണ്. ചാണ്ടി ഉമ്മന്‍റെ പരാമർശത്തിന് മതേതര കേരളം മാപ്പ് തരില്ല. ഹാഗിയ സോഫിയയില്‍ നടന്നത് മുസ് ലിം തീവ്രവാദി ആക്രമണമാണ്.
എന്നാല്‍, ഈ സംഭവത്തിൽ വഴിവിട്ട ഒരു പരാമര്‍ശം പോലും ക്രൈസ്തവ സമൂഹം നടത്തിയിട്ടില്ല. ചരിത്ര വിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന് ഗുണം ചെയ്യില്ല. പൊതുസമൂഹത്തിനു മുന്നില്‍ അദ്ദേഹം അപഹാസ്യനാകാന്‍ അത് ഇടയാക്കുമെന്നും മുഖപത്രം പറയുന്നു.
പാണക്കാട് നിന്ന് പറയുന്നത് അനുസരിച്ചാണ് ചാണ്ടി ഉമ്മൻ പ്രസംഗിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്ന യു.ഡി.എഫിന്‍റെ വർഗ സ്വഭാവമാണിതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.