തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് തൃശൂർ അതിരൂപത; ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ വിമർശനവുമായി മുഖപത്രം
text_fieldsതൃശൂർ: പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും ബി.ജെ.പിക്കും മുൻ എം.പി. സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. ലോക്സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂർ സംഘർഷം മറക്കില്ലെന്നും, മണിപ്പൂർ കലാപത്തെ കേരളത്തിൽ മറച്ചുപിടിക്കാൻ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താൽപര്യമെടുക്കുന്നെന്നും വിമർശിച്ച അതിരൂപത മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാവുമെന്നും ചൂണ്ടിക്കാട്ടി.
സഭ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബർ ലക്കം മുഖലേഖനത്തിലാണ് വിമർശനം. ‘അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്’ എന്ന് ബി.ജെ.പി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് സുരേഷ് ഗോപിയുടെ പേരെടുത്ത് പരാമർശിക്കാതെ മുഖലേഖനം വിമർശിച്ചു.
മണിപ്പൂരിലെ സർക്കാർ നിഷ്ക്രിയത്വം ആക്രമികൾക്കുള്ള ലൈസൻസ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവർക്ക് മറക്കാൻ പറ്റുന്നതല്ല. അതിനാൽ, മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാർട്ടിക്ക് തൃശൂരിൽ പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരൻ തൃശൂരിൽ ‘ആണാകാ’ൻ വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല.
സമാധാനം പുനഃസ്ഥാപിക്കാൻ ഒരക്ഷരം ഉരിയാടിയില്ല. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചെന്നത് ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാകും. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും ഹിന്ദു വർഗീയ വാദികൾ അഴിഞ്ഞാടുമ്പോൾ ഈ മൗനം പ്രകടമാകുന്നുണ്ട്. എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ‘കത്തോലിക്കാസഭ’ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.