തൃശൂർ ബി.ജെ.പിയിൽ പോര് മൂത്തു; ജില്ല പ്രസിഡൻറിനെ പുറത്താക്കണമെന്ന് ആവശ്യം
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപണ കവർച്ച കേസിൽ മുഖം നഷ്ടപ്പെട്ട് നിൽക്കെ, പൊലീസ് ചോദ്യം ചെയ്യലിനായി ആരോപണ വിധേയർക്കൊപ്പം ജില്ല പ്രസിഡൻറ് എത്തിയതിനെ ചൊല്ലി ബി.ജെ.പിയിൽ പോര് മൂക്കുന്നു. ജില്ല പ്രസിഡൻറ് കെ.െക. അനീഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി.
ഇതുസംബന്ധിച്ച് വിവിധ മണ്ഡലം ഭാരവാഹികളും ജില്ല നേതാക്കളും ആർ.എസ്.എസ് നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് കുഴൽപണ കവർച്ച കേസിൽ ആരോപണ വിധേയരായ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, മേഖല സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ പൊലീസ് വിളിപ്പിച്ചത്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു ചോദ്യം െചയ്യൽ. ചോദ്യം ചെയ്യലിനായി മൂന്നുപേരും എത്തിയത് പാർട്ടിയുടെ വാഹനത്തിലായിരുന്നു. മുൻ സീറ്റിൽ ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാറും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം അനീഷ്കുമാറും പൊലീസ് ക്ലബിൽ ഇറങ്ങുകയും ചെയ്തു. ഇതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നത്.
കുഴൽപണ കവർച്ച കേസിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പിസമാണെന്നും ജില്ല നേതാക്കളെ കുടുക്കാൻ ജില്ലയിലെ സംസ്ഥാന നേതാവിെൻറ നേതൃത്വത്തിൽ നടത്തിയ നീക്കമാണെന്നുമുള്ള ആരോപണത്തിലായിരുന്നു ജില്ല നേതൃത്വം. ഇക്കാര്യമറിയിച്ച് അനീഷിെൻറ നേതൃത്വത്തിൽ ആരോപണ വിധേയരായ കെ.ആർ. ഹരിയും സുജയ് സേനനും ആർ.എസ്.എസ് നേതൃത്വത്തിനും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു.
എന്നാൽ, അതിൽ നടപടി ഉണ്ടായിരുന്നില്ല. പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെയും നേതാക്കളെങ്കിലും പലരും സംശയനിഴലിലായതിനാലാണ് ജില്ല നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നത്. ആരോപണ വിധേയർ നേരത്തെയും വിവിധ കേസുകളിൽ ഉൾപ്പെട്ടതാണ് പ്രവർത്തകരെ സംശയത്തിലാക്കുന്നത്.
ഇരിങ്ങാലക്കുടയിൽ പാർട്ടി അംഗമല്ലാത്തയാളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പ്രതികരണത്തിലും നേതാക്കൾക്കെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ആർ.എസ്.എസ് നേതൃത്വം അനീഷ്കുമാറിനെയും നേതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് വിശദാംശങ്ങൾ തേടിയതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.