ബോൺ നത്താലെയും തിരുവാതിരയും ഒരു ദിവസം; തൃശൂരിന് പുത്തൻ ആഘോഷം
text_fieldsതൃശൂർ: ഇതാദ്യമായി തൃശൂരിന്റെ ക്രിസ്മസ് ആഘോഷവും വടക്കുന്നാഥനിലെ തിരുവാതിര മഹോത്സവവും ഒന്നിച്ച്. ഇതോടൊപ്പം മണ്ഡലകാല വ്രതാനുഷ്ഠാനത്തിന്റെ സമാപനവും അന്ന് തന്നെയാണ്. തൃശൂരിന് പുത്തൻ ആഘോഷമെത്തുമ്പോൾ സുരക്ഷയൊരുക്കുന്നത് എങ്ങനെയാവണമെന്ന ആലോചനയിലാണ് പൊലീസ്.
ഉണ്ണിയേശുവിന്റെ പിറവി ദിനം കഴിഞ്ഞ് 27നാണ് തൃശൂരിന്റെ ക്രിസ്മസ് ആഘോഷമായ ബോൺ നത്താലെ നടക്കുക. തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായിട്ടാണ് ഗിന്നസ് റെക്കോഡിൽ ഇടം നേടിയ ബോൺനത്താലെ ആഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണയാകട്ടെ 27ന് ആണ് ധനുമാസത്തിലെ തിരുവാതിര നാളും. കൂടെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന്റെ അവസാനവും.
മതസാഹോദര്യത്തിന്റെ നിറച്ചാർത്തായ ആഘോഷങ്ങൾ ഒന്നിച്ചെത്തുന്ന അപൂർവതയെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് തൃശൂർ. അതേസമയം, എങ്ങനെ സുരക്ഷിതമായി ആഘോഷങ്ങൾക്ക് ക്രമീകരണമൊരുക്കുമെന്നതാണ് പൊലീസിനെ വലക്കുന്നത്. ഇതിനായി അടുത്ത ദിവസം യോഗം ചേരും. വടക്കുന്നാഥനിൽ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് തിരുവാതിര. ബോൺനത്താലെയാവട്ടെ പതിനായിരക്കണക്കിന് ആളുകളെത്തുന്നതാണ്.
തൃശൂർ അതിരൂപതക്ക് കീഴിലുള്ള പള്ളികളിൽ നിന്നുള്ള ആയിരക്കണക്കിന് പാപ്പാമാരും വിശ്വാസികളും അണിനിരക്കുന്നതാണ് ബോൺ നത്താലെ. ആഘോഷങ്ങളെല്ലാം വൈകുന്നേരമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. വടക്കുന്നാഥനിൽ രാവിലെ മുതൽ തിരക്കനുഭവപ്പെടുമെങ്കിലും ലക്ഷദീപം തെളിയിക്കാനും തിരുവാതിര ആഘോഷവുമായി വൈകുന്നേരമാണ് തിരക്ക് കൂടുക. ഈ സമയത്ത് തന്നെയാണ് ബോൺനത്താലെ ആഘോഷത്തിനായി ഉച്ചയോടെ തന്നെ നഗരത്തിലേക്ക് പള്ളികളിൽ നിന്നുള്ള സംഘങ്ങൾ എത്തിത്തുടങ്ങുന്നതും. നാലോടെയാണ് പാപ്പാമാരുമായുള്ള ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റുക. സാധാരണയായി ഈ ദിവസം ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. തിരുവാതിര ആഘോഷവും മണ്ഡലവ്രതാനുഷ്ഠാന സമാപനവുമായി ക്ഷേത്രങ്ങളിലേക്ക് ആളുകളെത്തുന്നതിനാൽ ഗതാഗത നിയന്ത്രണം എങ്ങനെ എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. ഇതോടൊപ്പം തൃശൂരിൽ രാത്രികാല ഷോപ്പിങ് ഫെസ്റ്റിവെൽ കൂടി നടക്കുന്നതിനാൽ ആഘോഷ നിറവിലാണ് തൃശൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.