തൃശ്ശൂർ ഡി.സി.സി ഓഫിസിന് കാവി പെയിന്‍റടിച്ചു; വിമർശനം ഉയർന്നപ്പോൾ നിറം മാറ്റി
text_fieldsതൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി കെട്ടിടത്തിന് കാവി പെയിന്‍റ് അടിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഓഫിസുകൾ മനോഹരമാക്കുന്നതിന്‍റെ ഭാഗമായി പാർട്ടി ഓഫിസുകളിൽ പെയിന്‍റിങ് നടക്കുകയാണ്. ഇതാണ് ഓഫിസിനെ കാവി ആക്കിയത്. കാവി പെയിന്‍റ് അടിക്കുമ്പോൾ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കാവി നിറം ഇന്നലെ രാത്രി ചർച്ചയായതോടെ ഇന്ന് അതിരാവിലെതന്നെ തൊഴിലാളികളെ എത്തിച്ച് നിറം മാറ്റി അടിച്ചു. കാവി നിറം കോൺഗ്രസിന്റെതന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചയായിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയുടെ തീം ആയി 'കാക്കി ട്രൗസറിന് തീ പിടിക്കുമ്പോൾ' എന്ന് ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ കോൺഗ്രസ് ഒന്നടങ്കം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വിമർശനമാണ് ഇടത് സൈബർ പോരാളികൾ പരിഹസിച്ചത്. ഇത്തരം വിമർശനങ്ങൾക്ക് വഴിമരുന്നിടുകയാണ് ഓഫിസിനെ കാവിയാക്കി നേതാക്കൾ ചെയ്തതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനം ഉയർന്നു.
(കാവി നിറം മാറ്റി പെയിന്‍റ് ചെയ്യുന്നു)
കാവി അടിച്ചതോടെ ഡി.സി.സി ഓഫിസിന് ബി.ജെ.പി ഓഫിസ് കെട്ടിടത്തിന്റെ നിറമായി. ഇതാണ് വിവാദമായത്. തൊഴിലാളികൾക്ക് അബദ്ധം പറ്റിയതാണെന്നാണ് നേതാക്കളുടെ വിശദീകരണം.
ഈ മാസം 22നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിൽ എത്തുന്നത്. 23ന് യാത്രക്ക് അവധിയാണ്. 24ന് ചാലക്കുടിയിൽനിന്ന് തുടങ്ങി വൈകീട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനമാണ്. 25ന് ചെറുതുരുത്തി കടന്ന് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.