അവധി റദ്ദാക്കി തൃശൂർ ജില്ല കലക്ടർ എത്തി; സമരം നടത്തിയ ജയക്ക് പെൻഷനും പുതിയ ജോലിയും
text_fieldsതൃശൂർ: വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാതെ വിഷമിച്ച ഉദ്യോഗസ്ഥയുടെ പരാതി തീർപ്പാക്കാൻ അവധി റദ്ദാക്കി കലക്ടർ എത്തി. പരാതി തീർപ്പാക്കാൻ കലക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പിനൊരുങ്ങിയ മുൻ ഉദ്യോഗസ്ഥക്ക് ലഭിച്ചത് പെൻഷനും പുതിയ ജോലിയും. തൃശൂർ കലക്ടറേറ്റാണ് അപൂർവ സാഹചര്യത്തിന് വേദിയായത്. കൊടുങ്ങല്ലൂരിലെ ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിൽനിന്ന് വിരമിച്ച റവന്യൂ ഇൻസ്പെക്ടർ വി. ജയക്കാണ് കലക്ടർ എസ്. ഷാനവാസ് തുണയായത്.
വിരമിച്ച് എട്ട് മാസമായിട്ടും പെൻഷൻ കിട്ടാതെ വിഷമത്തിലായിരുന്നു ജയ. കൊല്ലം ചാത്തന്നൂരിലാണ് ജയ താമസിക്കുന്നത്. ഓഫിസുകളിൽ ഏറെ കയറിയിറങ്ങിയിട്ടും പെൻഷൻ ശരിയായിരുന്നില്ല. നാലാംതവണയാണ് ജയ പെൻഷൻ ആവശ്യത്തിനായി കൊല്ലത്തുനിന്ന് തൃശൂരിലെത്തുന്നത്.
രാവിലെ 11ഓടെ കലക്ടറേറ്റിലെത്തിയ ജയ കലക്ടറെ കാണാൻ ശ്രമിച്ചെങ്കിലും അവധിയാണെന്ന് അറിയിച്ചു. ഇതോടെ എ.ഡി.എമ്മിനെ കണ്ട് വിഷയം അവതരിപ്പിെച്ചങ്കിലും ഫയൽ സംബന്ധിച്ചും മറ്റും അറിയാത്തതിനാൽ ഫലമുണ്ടായില്ല.
ൈവകീട്ട് ആറരയോടെ രേഖാമൂലമുള്ള മറുപടി കിട്ടിയെങ്കിലും പെൻഷൻ സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കാതെ മടങ്ങില്ലെന്നും കലക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരിക്കുകയാണെന്നും ജയ അറിയിച്ചു. വിവരം അവധിയിലായിരുന്ന കലക്ടർ അറിഞ്ഞതോടെ ഉടൻ ചേംബറിലെത്തി. ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ തുടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്ക് ഉടൻ രേഖകൾ ശരിയാക്കി എത്തിക്കാൻ നിർദേശം നൽകി. പെൻഷൻ ലഭ്യമാക്കുന്ന രേഖകൾ ജയക്ക് കൈമാറി. പെൻഷൻ വൈകിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാവുമെന്ന് കലക്ടർ പറഞ്ഞു.
പെൻഷനില്ലാത്തതിനാൽ വലിയ വിഷമത്തിലാണെന്ന് കലക്ടറെ അറിയിച്ചതനുസരിച്ച് ജയ ജോലി ചെയ്തിരുന്ന ഭൂമി ഏറ്റെടുക്കൽ വകുപ്പിൽ തന്നെ അടുത്ത ദിവസം ചുമതലയേൽക്കാനുള്ള ഉത്തരവും നൽകിയാണ് കലക്ടർ യാത്രയാക്കിയത്. ഭൂമി ഏറ്റെടുക്കൽ വകുപ്പിൽ പരിചയസമ്പന്നരായ 50 പേർക്ക് താൽക്കാലിക നിയമനം നൽകുന്നതിലാണ് ജയയെ നിയമിച്ചത്. പെൻഷൻ രേഖകൾ രാത്രിതന്നെ തയാറാക്കി ബുധനാഴ്ച വീട്ടിലെത്തിക്കാനും കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.