ദൂരദർശൻ കേന്ദ്രം പൂട്ടാനൊരുങ്ങുന്നു; തൃശൂരിലെ അവസാന കാമറമാനെയും സ്ഥലംമാറ്റി
text_fieldsതൃശൂർ: രണ്ട് പതിറ്റാണ്ട് പിന്നിട്ട തൃശൂരിലെ ദൂരദർശൻ കേന്ദ്രം അടച്ചുപൂട്ടലിെൻറ വക്കിൽ. ഒരുകാലത്ത് ദൂരദർശെൻറ കേരളത്തിലെ അഭിമാനമായിരുന്ന കേന്ദ്രത്തിൽ ആകെയുണ്ടായിരുന്ന കാമറമാനെ റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയാണ് ഒരു എഡിറ്ററെ മാത്രം പേരിന് നിലനിർത്തി അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കിയത്. ലാഭകരമല്ലാത്ത യൂനിറ്റുകൾ പൂട്ടി തിരുവനന്തപുരം പ്രക്ഷേപണ കേന്ദ്രം മാത്രം നിലനിർത്തുന്നതിെൻറ ഭാഗമായ നടപടികളാണെന്നാണ് വിലയിരുത്തൽ. പുതുച്ചേരി ഡി.ഡി കേന്ദ്രം പൂട്ടുന്നത് ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ദൂരദർശൻ ശൃംഖലയെ കാര്യമായി ബാധിക്കുന്ന 71 കാമറമാൻമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് ആഗസ്റ്റിൽ ഇറങ്ങിയത്.
നിലവിൽ ഓൾ ഇന്ത്യ റേഡിയോ തൃശൂർ നിലയം തലവന് പ്രോഗ്രാം ഹെഡിെൻറ അധിക ചുമതല നൽകിയാണ് ദൂരദർശൻ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒരുകാലത്ത് അഞ്ച് കാമറമാൻ ഉണ്ടായിരുന്നിടത്താണ് തൃശൂരിൽ ആരുമില്ലാതായത്. കാമറമാൻ ഇല്ലാത്തതിനാൽ പ്രോഗ്രാം നിർമാണം നിലച്ചതോടെ വൈകാതെ അടച്ചുപൂട്ടൽ തീരുമാനമെത്തിയേക്കുമെന്നാണ് ആശങ്ക. തൃശൂർ, കോഴിക്കോട് പ്രൊഡക്ഷൻ യൂനിറ്റുകളും തിരുവനന്തപുരത്ത് മലയാളം പ്രക്ഷേപണ കേന്ദ്രവും അടങ്ങുന്ന ശൃംഖലയാണ് ദൂരദർശനുള്ളത്. കോഴിക്കോട് കേന്ദ്രത്തിൽ ഉണ്ടായിരുന്ന മൂന്ന് കാമറമാൻമാരിൽ രണ്ടുപേരെ പകരമാളെ നൽകാതെ സ്ഥലം മാറ്റി. ഒരു കാമറമാനെ മാത്രം നിലനിർത്തിയാണ് ഇപ്പോഴത്തെ പ്രവർത്തനം. തിരുവനന്തപുരത്തെ കേന്ദ്രത്തിൽ വിരമിക്കുന്നവർക്ക് പകരം ആളെ നൽകാത്തതിനാൽ ഇരട്ടി ജോലിയാണ്.
2001 സെപ്റ്റംബർ ആറിനാണ് വാർത്ത വിതരണ പ്രേക്ഷപണ മന്ത്രി സുഷമ സ്വരാജ് തൃശൂർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ തനത് പരിപാടികൾക്ക് വേദിയൊരുക്കിയ കേന്ദ്രമാണ് തൃശൂർ കേന്ദ്രം.
2005 മുതൽ 2016 വരെ സംപ്രേഷണം ചെയ്ത 'ഗാന്ധിദർശൻ' ഇതിൽ പ്രധാനമാണ്. കർഷകർ, നാടൻ കലാകാരന്മാർ, നാടക പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച ശ്രദ്ധേയ പ്രോഗ്രാമുകളും ഈ കാലഘട്ടത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.