സംഘടനാകാര്യങ്ങളിൽ അവസാന വാക്ക് സുധാകരനെന്ന് വി.ഡി. സതീശൻ: ‘തൃശൂരിൽ കരുവന്നൂരിന്റെ പേരിൽ ബി.ജെ.പി- സി.പി.എം ധാരണ’
text_fieldsകണ്ണൂര്‍: സംഘടനാകാര്യങ്ങളിൽ അവസാന വാക്ക് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹം തീരുമാനിക്കുമെന്നും സതീശൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യു.ഡി.എഫ് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് മാധ്യമങ്ങളോ പ്രതിപക്ഷ നേതാവോ അല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കോണ്‍ഗ്രസിന് അതിന്റേതായ സംവിധാനമുണ്ട്. മാധ്യമങ്ങളാണ് ചര്‍ച്ച തുടങ്ങിയത്.
തൃശൂരിലെ തോല്‍വി സംബന്ധിച്ച് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്. കെ. മുരളീധരനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം സംസാരിച്ചിട്ടുണ്ട്.
18 സീറ്റുകളില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനായി ചില മാധ്യമങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിന് പിന്നില്‍ സംഘടിതമായ ഒരു അജണ്ടയുണ്ട്. ആ കെണിയിലൊന്നും ഞാന്‍ വീഴില്ല. പത്ത് പേരാണ് ഒരു ലക്ഷം വോട്ടിന് മുകളില്‍ വിജയിച്ചത്. അതില്‍ നാല് പേര്‍ക്ക് രണ്ട് ലക്ഷത്തിന് മുകളിലും രണ്ട് പേര്‍ക്ക് മൂന്ന് ലക്ഷത്തിന് മുകളിലും ഭൂരിപക്ഷമുണ്ട്. ആ വിജയത്തിന്റെ ശോഭ കെടുത്തരുത്. എല്ലാവരും തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്. എന്നിട്ടും തോല്‍വി മാത്രം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
തൃശൂരിലും ആലത്തൂരിലും തോല്‍വിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് കെ.പി.സി.സിയും യു.ഡി.എഫും പരിശോധിക്കും. അന്വേഷണ സമിതിയെ നിയോഗിക്കുന്നതിന് മുന്‍പെ കുറ്റക്കാര്‍ ആരാണെന്ന് പ്രഖ്യാപിക്കാനാകില്ല. തൃശൂരില്‍ അന്തിക്കാട് ഉള്‍പ്പെടെ സി.പി.എം കോട്ടകളില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് വോട്ട് മറിഞ്ഞത്. കരുവന്നൂര്‍ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പി- സി.പി.എം ധാരണയുണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.