തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂർ
text_fieldsതൃശൂർ: ഇത്തവണ തൃശൂർ പൂരത്തിനൊപ്പമാണ് ലോക്സഭ തെരഞ്ഞെടുപ്പ്. രണ്ടിനും ചൂടിത്തിരി കൂടും. തെരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർഥികൾ സജ്ജരായി. വി.എസ്. സുനിൽ കുമാറിനെ സി.പി.ഐ രംഗത്തിറക്കി. സി.പി.എം മത്സരിക്കുന്ന ആലത്തൂരിലെയും ചാലക്കുടിയിലെയും സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനും ചാലക്കുടിയിൽ മുൻമന്ത്രി സി. രവീന്ദ്രനാഥിനെയുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഇടത് സ്ഥാനാർഥികൾക്ക് തൃശൂർ കോർപറേഷന് മുന്നിൽ എൽ.ഡി.എഫ് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്ഥാനാർഥികളുമായി സ്വരാജ് റൗണ്ട് ചുറ്റി പ്രകടനവും തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വരവിന്റെ ബലത്തിൽ സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പി പ്രചാരണം ശക്തമാക്കിയത് മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. അതിന് ബദലായി ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന ഒറ്റ പേര് വി.എസ്. സുനിൽകുമാറിന്റേതാണ്. ലോക്സഭയിലേക്ക് കന്നിയങ്കമാണെങ്കിലും നിയമസഭക്കകത്തും പുറത്തുമുള്ള കാര്യങ്ങളിൽ പരിചിതനാണ്. സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടത് സൈബർ പോരാളികൾ ആവേശത്തിലായിട്ടുണ്ട്. മന്ത്രി കെ. രാജൻതന്നെ ‘തൃശൂരിന്റെ ചങ്കാണ് സുനിചേട്ടൻ’ എന്ന പോസ്റ്റർ പങ്കുവെച്ചു. ‘സുനിൽകുമാർ എന്ന് പറഞ്ഞാൽ തൃശൂർക്കാർക്ക് ഏറെ സുപരിചിതനായ സുഹൃത്തും കൂടപ്പിറപ്പുമാണ്, സ്വന്തം സുനിലേട്ടനാണ്’-സി.പി.എം ഹാൻഡിലുകളിലെ പ്രചാരണം ഇങ്ങനെ. സുരേഷ് ഗോപിയും പ്രതാപനും പ്രചരണവും പ്രവർത്തനവും തുടങ്ങിയപ്പോൾ സ്ഥാനാർഥിക്കാര്യത്തിൽ വ്യക്തത വരാത്തതിനാൽ ഇടത് സൈബറുകൾ ‘ഒളിപ്പോരി’ലായിരുന്നു.
ആലത്തൂരിൽ കഴിഞ്ഞ തവണ പി.കെ. ബിജുവിന്റെ പരാജയത്തിന്റെ ആഘാതത്തിൽനിന്നുള്ള മോചനമാണ് മന്ത്രി കെ. രാധാകൃഷ്ണനിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്. ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദ്രനാഥിനെ കളത്തിലിറക്കുന്നതും മണ്ഡലം തിരിച്ച് പിടിക്കാൻ തന്നെ. എൽ.ഡി.എഫ് ജില്ല യോഗം ചേർന്ന് സ്ഥാനാർഥികളുടെ പരിപാടികൾ തീരുമാനിച്ചു കഴിഞ്ഞു. ബൂത്ത് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി.പ്രചാരണ പരിപാടികളുടെ ഷെഡ്യൂൾ അടുത്ത ദിവസം ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ അന്തിമമായി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.