മുറി പൂട്ടിയ ശേഷം തീകൊളുത്തി ഗൃഹനാഥന്‍റെ ക്രൂരത; മകനും പേരക്കുട്ടിയും മരിച്ചു, മകന്‍റെ ഭാര്യ ഗുരുതരാവസ്ഥയിൽ
text_fieldsമണ്ണുത്തി (തൃശൂർ): മകന്‍റെ കുടുംബം ഉറങ്ങിക്കിടക്കവെ മുറി പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തി ഗൃഹനാഥന്‍റെ കൊടുംക്രൂരത. മകനും പേരമകനും കൊല്ലപ്പെട്ടു. മകന്‍റെ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസണാണ് മകൻ ജോജി (40), മകൻ ടെൻഡുൽക്കർ (12) എന്നിവരെ കൊലപ്പെടുത്തിയത്. ജോജുവിന്റെ ഭാര്യ ലിജിയാണ് (34) ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലുള്ളത്.
സംഭവശേഷം ജോൺസൺ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് സൂചന. ബുധനാഴ്ച അർധരാത്രി 12.30ഓടെ കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോൺസൺ ഭാര്യ സാറയെ തന്റെ മുറിയിൽ പൂട്ടിയിട്ട ശേഷം പുറത്തിറങ്ങിയത്. തുടർന്ന് മകനും കുടുംബവും കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനൽവഴി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മുറി പൂട്ടിയതിനാലും തീ ആളിപ്പടർന്നതിനാലും ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
തീയുയരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തി. വെള്ളമെടുക്കാൻ നോക്കിയപ്പോൾ മോട്ടോർ കേടാക്കിയ നിലയിലായിരുന്നു. സമീപത്തെ വീട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മൂവരെയും ഉടൻ തൃശൂരിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് ജോജിയും മകൻ ടെൻഡുൽക്കറും മരിച്ചത്. പൊലീസെത്തി ജോൺസണെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
വിശദപരിശോധനയിൽ ടെറസിന് മുകളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തില്‍ മുറി പൂര്‍ണമായും അഗ്നിക്കിരയായി. മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ടെൻഡുൽക്കർ താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ജോജി ലോറി ഡ്രൈവറാണ്. ഗുരുതരാവസ്ഥയിലുള്ള ലിജി കാർഷിക സർവകലാശാല താൽക്കാലിക ജീവനക്കാരിയാണ്. ജോജിയുടെ മാതാവ്: സാറ (തങ്ക). സഹോദരങ്ങൾ: സ്റ്റാലിൻ, സ്റ്റെല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.