തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി
text_fieldsതിരുവനന്തപുരം: തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് വകുപ്പ് സെക്രട്ടറി നേരിട്ട് മേൽനോട്ടം വഹിക്കും. പ്രവൃത്തി നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ നോഡൽ ഓഫിസറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ചീഫ് എൻജിനീയർ ഓരോ രണ്ടാഴ്ചയും നേരിട്ട് സൈറ്റിൽ പോയി പരിശോധിച്ച് മന്ത്രിക്കും സെക്രട്ടറിക്കും റിപ്പോർട്ട് നൽകണം. എക്‌സിക്യൂട്ടീവ് എൻജിനീയർ ജനപ്രതിനിധികളുമായി കൃത്യമായി ബന്ധപ്പെട്ട് തടസ്സങ്ങൾ പരിഹരിച്ച് നിർമാണപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകണം. മന്ത്രിയുടെ ഓഫിസ് നേരിട്ട് മാസത്തിൽ ഓരോ തവണ വിലയിരുത്തൽ യോഗം നടത്തും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതിനും ജില്ല കലക്ടറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു വരുംദിവസങ്ങളിൽ റോഡുകൾ സന്ദർശിച്ച് പ്രവർത്തനം ഏകോപിപ്പിക്കും.
ഷൊർണൂർ- കൊടുങ്ങല്ലൂർ 33.45 കിലോമീറ്റർ റോഡിന്‍റെ നിർമാണം വരുന്ന ഒക്ടോബർ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. പ്രാദേശിക ജനപ്രതിനിധികളും ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത് ഇതിനാവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും.
തൃശൂർ- കുറ്റിപ്പുറം 33.23 കിലോമീറ്റർ റോഡ് പ്രവൃത്തിയിൽ പുരോഗതി ഉണ്ടാകാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ കരാറുകാരെ നീക്കംചെയ്തിരുന്നു. പുതിയ ഡി.പി.ആറിന് അനുമതി നേടി ആഗസ്റ്റ് ഒന്നിനു മുൻപ് പ്രവൃത്തി റീടെൻഡർ ചെയ്ത് 2025 ആഗസ്‌റ്റോടെ പൂർത്തിയാക്കുംവിധം ക്രമീകരിക്കാനാണ് ഇപ്പോള്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. അതുവരെ റോഡ് ഗതാഗതയോഗ്യമാക്കി നിർത്താനാവശ്യമായ പ്രവർത്തനങ്ങൾ കെ.എസ്.ടി.പി ചെയ്യും. ഇതിനായി നിലവില്‍ അനുവദിച്ച 29 ലക്ഷം രൂപ പോരാതെ വന്നാല്‍ ആവശ്യമായ അധികതുക നല്‍കും.
മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാജൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പള്ളി, മുരളി പെരുനെല്ലി, സി.സി. മുകുന്ദൻ, വി.ആർ. സുനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, തൃശൂര്‍ ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.