ഇടത് മേയർ സുരേഷ് ഗോപിയോട് ആരാധന തുടരുന്നതാണ് പ്രശ്നം; പദവി ഒഴിയണമെന്ന് സി.പി.ഐ
text_fieldsതൃശൂർ: തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് പദവി ഒഴിയണമെന്ന് സി.പി.ഐ. മൂന്നര വർഷത്തിലധികമായി ഇടതുപക്ഷ പിന്തുണയോടെ മേയർ സ്ഥാനത്ത് തുടരുന്ന അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷത്തിന്‍റെ അടുത്ത മേയർ സ്ഥാനാർഥിയെ പിന്തുണക്കണം. ഇടതുപക്ഷം പിന്തുണക്കുന്ന മേയർ മനസ്സിൽ സുരേഷ് ഗോപിയോടുള്ള ആരാധന തുടരുന്നതാണ് പ്രശ്നമെന്നും സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്.
മേയർ ഒഴിയാൻ തയാറായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് സി.പി.ഐയും എൽ.ഡി.എഫും ആലോചിക്കണം. മേയറുടെ ചെയ്തികളെ സി.പി.എം പിന്തുണക്കുന്നുണ്ടെന്ന് കരുതുന്നില്ല. കോർപറേഷനിലെ അംഗബലം എല്ലാവർക്കും അറിയാം. അതായിരിക്കാം പരിമിതിക്ക് കാരണം. ഇത് എൽ.ഡി.എഫിൽ സി.പി.ഐ-സി.പി.എം ഭിന്നതക്ക് കാരണമാകില്ല. മേയർ ഇതുപോലുള്ള നിലപാട് തുടർന്നാൽ എന്തു ചെയ്യണമെന്ന് തുടർന്നുള്ള ചർച്ചകളിൽ തീരുമാനിക്കും.
കേന്ദ്രമന്ത്രിയും മേയറും ഭരണസംവിധാനങ്ങളും സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ പ്രധാനമാണ്. അത് ഒഴിവാക്കണമെന്ന് പറയാനാവില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ കോർപറേഷനു വേണ്ടി നടത്തുന്ന എന്തെങ്കിലും പ്രവർത്തനം സ്വീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിൽ സി.പി.ഐക്ക് വിരോധമില്ല. വിയോജിപ്പ് രാഷ്ട്രീയ കാര്യങ്ങളിലാണ്.
തൃശൂരിൽ എൽ.ഡി.എഫ് പരാജയ കാരണങ്ങളിൽ പ്രധാനം മേയർ വിഷയമായിരുന്നെന്ന് സി.പി.ഐ വിലയിരുത്തിയിട്ടില്ല. ഒരുപാട് ഘടകങ്ങളിൽ ഒന്ന് മാത്രമാണെന്നും കെ.കെ. വത്സരാജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുന്നണി ചർച്ചചെയ്തിട്ടില്ല -സി.പി.എം
തൃശൂർ: മേയർ ഒഴിയണമെന്ന സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജിന്‍റെ അഭിപ്രായത്തിൽ വ്യക്തമായി പ്രതികരിക്കാതെ സി.പി.എം. അതേസമയം, സി.പി.ഐ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടതിലുള്ള അതൃപ്തി സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസിന്‍റെ പ്രതികരണത്തിൽ പ്രകടമായി. ‘വത്സരാജ് എന്താണ് പറഞ്ഞതെന്ന് അറിയില്ല. അത് അവരുടെ അഭിപ്രായമായേ ഇപ്പോൾ കാണാനാവൂ.
ഇത്തരം കാര്യങ്ങൾ സി.പി.ഐയായാലും സി.പി.എമ്മായാലും ഏതെങ്കിലും ഒരു കക്ഷി ഒറ്റക്ക് തീരുമാനിക്കേണ്ടതല്ല. എൽ.ഡി.എഫ് എന്ന നിലയിൽ ആലോചിക്കേണ്ടിവരും. മുന്നണി എന്ന നിലയിൽ ഇതൊന്നും ചർച്ചചെയ്തിട്ടില്ല. ആലോചിക്കും. ഇക്കാര്യത്തിൽ സി.പി.എമ്മിന് പ്രത്യേക നിലപാടില്ല. മുന്നണിയാണ് ചർച്ച ചെയ്യേണ്ടത്. മുന്നണിയിൽ പറയേണ്ടത് മുന്നണിയിൽ എന്നാണ് സി.പി.എം നിലപാട്’ -വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.