റോഡരികിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോൾ ഒരുകോടിയുടെ തിമിംഗല ഛർദി; തൃശൂർ സ്വദേശി പിടിയിൽ
text_fieldsകൊടുവള്ളി (കോഴിക്കോട്): ഒരുകോടിയോളം രൂപ വിലവരുന്ന തിമിംഗല ഛർദിയുമായി തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപാണ് (32) കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാവിലെ പത്തോടെ കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, എസ്.ഐ അനൂപ് അരീക്കര എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തിവരുന്നതിനിടെ നെല്ലാങ്കണ്ടിക്കുസമീപം വെള്ളങ്ങോട്ട് ദേശീയപാതയോരത്ത് സംശയാസ്പദമായി നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് അഞ്ചുകിലോ 200 ഗ്രാം തൂക്കം വരുന്ന തിമിംഗല ഛർദി കണ്ടെത്തിയത്. സീറ്റിനടിയിൽ രണ്ട് കവറുകളിലായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. അനൂപിനെ ചോദ്യം ചെയ്തതിൽ, തിമിംഗല ഛർദി കൊടുവള്ളിയിലുള്ളവർക്ക് വിൽപന നടത്താനാണ് എത്തിച്ചതെന്നാണ് പറഞ്ഞത്.
കൂടെയുള്ളവർ ആവശ്യക്കാരുമായി സംസാരിക്കാൻ പോയതാണെന്നും അനൂപ് പൊലീസിനോട് പറഞ്ഞു. കെ.എൽ 45 ബി 9036 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന. തുടർ നടപടികൾക്കുശേഷം പ്രതിയെ വനം വകുപ്പിന് കൈമാറി.
എസ്.ഐ പ്രകാശൻ, ജൂനിയർ എസ്.ഐ എസ്.ആർ. രശ്മി, എ.എസ്.ഐ സജീവൻ, എസ്.സി.പി.ഒമാരായ ലതീഷ്, റഹിം, സി.പി.ഒ ശഫീഖ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.