പൂരം: പൊലീസ് റിപ്പോർട്ടിൽ ഉത്തരമില്ലാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോർട്ട് വൈകിയതിൽ ചോദ്യങ്ങൾക്ക് ഉത്തരംമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാഴ്ചകൊണ്ട് പൂർത്തിയാക്കാൻ താൻ നിർദേശിച്ച അന്വേഷണം റിപ്പോർട്ട് അഞ്ചു മാസമായിട്ടും ലഭിച്ചിട്ടില്ലെന്ന് വാർത്തസമ്മേളനത്തിൽ സമ്മതിച്ച അദ്ദേഹം എന്തുകൊണ്ട് വൈകിയെന്നതിന് വിശദീകരണമൊന്നും നൽകിയില്ല. സമയം നീട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് വിഷയം വീണ്ടും തന്റെ മുന്നിലെത്തിയെന്നും സെപ്റ്റംബർ 24നകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായതോടെ ജീവൻ വെച്ച അന്വേഷണം അഞ്ചു മാസമായി മുടങ്ങിക്കിടന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് ചോദിച്ചിട്ടുണ്ടാകാമെന്നായിരുന്നു മറുപടി. പൂരം കലക്കിയതിൽ ആരോപണ വിധേയനായ അജിത് കുമാർ തന്നെ അക്കാര്യം അന്വേഷിക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടിയതിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ചോദ്യം ആവർത്തിച്ചെങ്കിലും ഒരു ഘട്ടത്തിലും എ.ഡി.ജി.പിക്കെതിരായി ഒരു പരാമർശവുമുണ്ടായില്ല. പകരം, പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖക്ക് മറുപടി നൽകിയ പൊലീസ് ആസ്ഥാനത്തെ ഡിവൈ.എസ്.പിക്കെതിരായ നടപടി വിശദീകരിച്ചു. പൂരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എ.ഡി.ജി.പിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെ, അതിന് വിരുദ്ധമായ മറുപടി നൽകിയതിനാണ് ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തതെന്നു മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ട് വൈകിപ്പിച്ചത് മുഖ്യമന്ത്രി
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് അഞ്ചു മാസം വൈകിപ്പിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പൂഴ്ത്താന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയത്. പൂരം അട്ടിമറിക്കപ്പെട്ടതില്‍ അന്വേഷണം നടന്നുവെന്ന് പറയുന്നത് വ്യാജമാണ്. അന്വേഷണം നടന്നുവെന്ന് വരുത്താൻ രണ്ടു ദേവസ്വങ്ങളുടെയും മൊഴിയെടുക്കുകയായിരുന്നു. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.
–ടി.എൻ. പ്രതാപൻ (കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.