തൃശൂർ പൂരം വെടിക്കെട്ട് കാണാൻ കെട്ടിടത്തിന് മുകളിൽ കയറാം; രണ്ട് മണിക്കൂർ മുമ്പേ
text_fieldsതൃശൂർ: പൂരം വെടിക്കെട്ട് കാണാൻ നിയന്ത്രണത്തിൽ ഇളവ്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയത്. ബലക്ഷയമുള്ള 144 കെട്ടിടങ്ങളിൽ കയറരുതെന്നും നിർദേശമുണ്ട്. പൊലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുമ്പ് ഇവിടങ്ങളിൽ എത്തിച്ചേരണം.
സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാനാവാത്തതിനെത്തുടർന്നാണ് സംസ്ഥാനം ബദൽമാർഗം തീരുമാനിച്ചത്. പെസ പ്രതിനിധികള്‍ വൈകീട്ട് വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനത്ത് പരിശോധനക്ക് എത്തുന്നു.
തീരുമാനത്തില്‍ പെസ ഉറച്ചുനിന്നാല്‍ സ്വരാജ് റൗണ്ടില്‍ കാണികളുണ്ടാവില്ല.
ഹെലികാമിന് നിരോധനം
ചൊവ്വയും ബുധനും പൂരപ്പറമ്പിൽ ഹെലികാം, ലേസർഗൺ, ഡ്രോൺ, ലേസർലൈറ്റുകൾ, വിസിലുകൾ എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയതായും കർശന സുരക്ഷ ഉറപ്പാക്കിയതായും കലക്ടർ ഹരിത വി. കുമാർ പറഞ്ഞു. കോർപറേഷൻ പരിധിയിൽ 10ന് അർധരാത്രി മുതൽ 11ന് ഉച്ചക്ക് രണ്ടുവരെ ഡ്രൈ ഡേ ആയിരിക്കും. തെക്കേനടയിൽ പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക സംരക്ഷണവലയം ഒരുക്കിയിട്ടുണ്ട്. പൊലീസ് കൺട്രോൾ റൂമിന് പിറകിൽ സ്ത്രീകൾക്ക് ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തി. 1515 എന്ന പിങ്ക് പൊലീസ് നമ്പറിൽ സ്ത്രീകൾക്ക് പരാതികൾ അറിയിക്കാം.
ആരോഗ്യ സേവനം ഏറ്റെടുത്ത് ക്യുവർ ഷോപ്
പൂരത്തിൽ ആരോഗ്യസേവന പങ്കാളിത്തവുമായി സ്റ്റാർട്ടപ്പായ ക്യുവർ ഷോപ്. പൂരത്തിൽ ആരോഗ്യവകുപ്പിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള ചരിത്രനേട്ടമാണ് ക്യുവർ ഷോപ് നേടിയത്. മൂന്ന് ഐ.സി.യു ആംബുലന്‍സ്, ആറ് ഓക്സിജന്‍ പാര്‍ലർ എന്നിവക്കുപുറമെ പൂരനഗരിയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും ഉറപ്പാക്കും. സേവനങ്ങള്‍ സൗജന്യമാകും. ആവശ്യക്കാര്‍ക്ക് അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിക്കും. പതിനഞ്ചുലക്ഷത്തിലേറെ പേരാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാന്‍ 8129594949 നമ്പറില്‍ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ അനിരുദ്ധ് ബാബു, എൻ.വി. നിജിൽ, രാഹുൽ രാജ്, അമൽ അയ്യർ എന്നിവർ പങ്കെടുത്തു.
ചമയപ്രദർശനം കാണാൻ ഗവർണറും മന്ത്രിമാരും
പൂരത്തിന് ആനകൾക്ക് അണിയാനുള്ള ആടയാഭരണങ്ങളും വർണക്കുടകളുടെയും പ്രദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെയും വന്നു. മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പൂരം ചമയപ്രദർശനം കാണാനെത്തിയിരുന്നു.
ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്
പൂരം പ്രമാണിച്ച് എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ്, തിരുനെൽവേലി -പാലക്കാട് പാലരുവി, മംഗളൂരു- നാഗർകോവിൽ പരശുറാം എന്നീ ട്രെയിനുകൾക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ് അനുവദിച്ചു.
ഭക്ഷ്യ സുരക്ഷ പരിശോധനക്കായി ഉദ്യോഗസ്ഥർ
പൂരത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ പരിശോധനക്കായി എ.സി.എഫ്.എസ് സ്ഥാപനത്തിന് കീഴിലുള്ള ഭക്ഷ്യസുരക്ഷ ഓഫിസർമാരെ സ്പെഷൽ സ്ക്വാഡായി നിയമിച്ചു. ചൊവ്വാഴ്ച തൃശൂർ ഫുഡ്സേഫ്റ്റി ഓഫിസർ ഡോ. രേഖ മോഹൻ, ചാലക്കുടി ഫുഡ്സേഫ്റ്റി ഓഫിസർ ഡോ. എ. രേഖ, മണലൂർ ഫുഡ്സേഫ്റ്റി ഓഫിസർ അരുൺ പി. കരിയത്, നാട്ടിക ഫുഡ്സേഫ്റ്റി ഓഫിസർ സി. ദിവ്യ ദിനേഷ് എന്നിവരെയും ബുധനാഴ്ച തൃശൂർ ഫുഡ്സേഫ്റ്റി ഓഫിസർ ഡോ. രേഖ മോഹൻ, ചാലക്കുടി ഫുഡ്സേഫ്റ്റി ഓഫിസർ ഡോ. എ. രേഖ എന്നിവരെയും നിയമിച്ചതായി ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു. ഫോൺ: 0487-2424158.
പൂരത്തോടനുബന്ധിച്ച് കോര്‍പറേഷെൻറ നേതൃത്വത്തില്‍ ഏഴ് കേന്ദ്രത്തിലായി സൗജന്യസംഭാരം വിതരണം ചെയ്യുമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. കോര്പറേഷന് ഓഫിസിന് മുന്‍വശം, മണികണ്ഠനാല്‍, നടുവിലാല്‍, ബിനി ടൂറിസ്റ്റ് ഹോമിനു മുന്‍വശം, രാമവര്‍മ പാര്‍ക്ക്, പാറമേക്കാവിനുസമീപം, മേനാച്ചേരി ബില്‍ഡിങ്ങിനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭാര വിതരണം നടക്കുക. മില്മയില്നിന്നുമാണ് 50,000 ലിറ്റര്‍ സംഭാരം കോര്പറേഷന് വാങ്ങിക്കുന്നത്. കേന്ദ്രങ്ങള്‍ മേയര്‍ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.