ഇലഞ്ഞിച്ചോട്ടിൽ താളവിസ്മയം
text_fieldsതൃശൂർ: രൗദ്രതാളങ്ങളുടെ ചടുലതയിൽ ഇലഞ്ഞിച്ചുവട് ഒരിക്കൽകൂടി ത്രസിച്ചുനിന്നു. വിരൽത്തുമ്പുകളിൽ സന്നിവേശിച്ച ആവേശം ഏകതാളത്തിൽ മുറുകിയടഞ്ഞു. രണ്ടുവർഷമായി മാറിനിന്ന പൂരാവേശത്തെ ഇലഞ്ഞിമരം മാറോടുചേർത്തു. രണ്ട് മണിക്കൂറിന്റെ മേളത്തെ ഒന്നര മണിക്കൂറിലൊതുക്കി ആവേശത്തെ ഇരട്ടിയാക്കി മേളപ്രമാണി പെരുവനം കുട്ടൻ മാരാർ 24ാം പ്രമാണ്യം അവിസ്മരണീയമാക്കി.
പൂരചരിത്രത്തിൽ ഇന്നുവരെ ഇത്രയും ജനക്കൂട്ടത്തെ ദർശിച്ചിട്ടില്ല; ഇതുപോലത്തെ മേളവും. പാറമേക്കാവിൽനിന്ന് പതിവുപോലെ ചെമ്പടമേളം തുടങ്ങുമ്പോൾ കിഴക്കേ ഗോപുരനടയിൽ മഴക്കാർ മുട്ടിനിന്നിരുന്നു. പാണ്ടിയായി വേഷപ്പകർച്ച ചെയ്യുന്നതിനുമുമ്പ് കൊമ്പും കുഴലും ചെണ്ടയും ഒന്നിച്ച 'കൊലുമ്പലി'ന്റെ അരികുപറ്റി പാറമേക്കാവിൽനിന്ന് മേളം പുറപ്പെടുമ്പോഴേക്കും പൂരപ്പറമ്പ് ജനസാഗരമായിരുന്നു. ജനത്തെ വകഞ്ഞുമാറ്റി മേളം ഇലഞ്ഞിച്ചോട്ടിലെത്തുമ്പോൾ സമയം 2.50.
മേളനിരയിൽ പെരുവനം സതീശനും തിരുവല്ല രാധാകൃഷ്ണനും പെരുവനം കുട്ടൻ മാരാർക്ക് ഇരുവശവുമായി നിന്നു. ഇടത് ഭാഗത്ത് 14ാമനായി മകൻ കാർത്തിക്. ഇലത്താളത്തിൽ ചേർപ്പ് നന്ദനൻ, കുറുങ്കുഴൽ കിഴൂട്ട് നന്ദൻ, വീക്കം പെരുവനം ഗോപാലകൃഷ്ണൻ, കൊമ്പ് മച്ചാട് രാമചന്ദ്രൻ എന്നിവരും പ്രമാണിമാരായി. വിളംബകാലത്തിൽനിന്ന് തുറന്നുപിടിച്ച കാലവും എടുത്തുകലാശവും കടന്ന് പതിവിൽ വേഗം 'തകൃതകൃത'യുടെ ആവേഗത്തിലേക്ക് മേളത്തെ പെരുവനം എത്തിച്ചപ്പോൾ ആസ്വാദകർ ആർപ്പുവിളിച്ചു. 14 അക്ഷരകാലത്തിൽ തുടങ്ങി ഏഴ് അക്ഷരകാലത്തിലേക്ക് ചുരുക്കി മുട്ടിന്മേലിരുത്തിയപ്പോഴും പിറന്നത് 24 കലാശം. കാലഭേദങ്ങൾ ഉരുട്ടുചെണ്ടയിൽ പതിഞ്ഞും കനത്തും വിസ്മയം തീർത്തു. ഉരുട്ട്, വീക്കൻ ചെണ്ടകളിൽ കാലം മാറിമാറി വന്നു. കുറുങ്കുഴലിൽ വാദ്യപ്പെരുമഴ. ഒടുവിൽ കുഴ മറിഞ്ഞ കാലം. കൂട്ടിത്തട്ടിൽ അതിദ്രുതം ചിതറി വീണ മേളക്കൈകളിൽ ആവേശം തിരയടിച്ചടങ്ങി. പെരുവനം അവിടെയും കരുതിവെച്ചത് 24 കലാശമായിരുന്നു. പാണ്ടിയുടെ നാദലഹരിക്കായി തിരയടിച്ചെത്തിയ പുരുഷാരം ആഹ്ലാദപ്പെരുമഴയിലായി. സമയം 4.34. കൊമ്പും കുറുങ്കുഴലും കലാശത്തിന് മുമ്പ് മേളമൊന്നു താഴ്ന്നു. പിന്നെ മേളം മുറുകി. പെരുവനം കൈയുയർത്തി. തൊട്ടടുത്ത നിമിഷം നിശ്ശബ്ദം. ഒരു മഴ പെയ്തുതോർന്ന കണക്കെ മേളപ്പന്തൽ. ഒന്നര മണിക്കൂർ നിമിഷംപോലെ ഒടുങ്ങിത്തീർന്നു. പെരുവനം ചെണ്ടക്കോലിൽ കൂട്ടിത്തൊഴുതശേഷം ഒന്ന് ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.