തൃശൂർ പൂരം നടത്തിപ്പ്: ആശങ്കയറിയിച്ച് പൊലീസും ആരോഗ്യ വകുപ്പും
text_fieldsസർക്കാറിൽനിന്ന് പ്രത്യേക അനുമതി തേടുമെന്ന് കലക്ടർ
•പുറത്തേക്ക് എഴുന്നള്ളിപ്പിന് 15 ആനകളെ അനുവദിക്കണമെന്ന് ദേവസ്വങ്ങൾ
തൃശൂർ: ആൾക്കൂട്ടം പങ്കെടുത്തുള്ള പൂരം നടത്തിപ്പിൽ ആശങ്കയറിയിച്ച് ആരോഗ്യവകുപ്പും പൊലീസും. കലക്ടറുടെ ചേംബറിൽ പൂരം കോർ കമ്മിറ്റി യോഗത്തിലാണ് ഇരുവകുപ്പുകളും ആശങ്ക അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളെ പരമാവധി കുറച്ചു തൃശൂർ പൂരം നടത്താൻ വ്യക്തമായ പ്ലാൻ തയാറാക്കി സർക്കാറിനു സമർപ്പിക്കുമെന്ന് കലക്ടർ എസ്. ഷാനവാസ് യോഗത്തിൽ അറിയിച്ചു. എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി ജനങ്ങളെ പരമാവധി കുറക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയാണ് പൂരം നടത്തിപ്പിന് സർക്കാറിെൻറ അനുമതി തേടുക. അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, എക്സിബിഷൻ എന്നിവ അതേപടി നടത്തുന്നതിലുള്ള തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകളുടെ ആവശ്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ചെറുപൂരങ്ങളിൽ എത്ര ആനകളെയും ആളുകളെയും ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഒമ്പതിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
പൊലീസ്, ആരോഗ്യ വകുപ്പ് റിപ്പോർട്ടുകളെ ആശ്രയിച്ചാണ് ജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകെയന്ന് കലക്ടർ വ്യക്തമാക്കി. ആനകളെ എഴുന്നള്ളിക്കുന്നതിനു ആനിമൽ ഹസ്ബൻഡറി, വൈൽഡ് ലൈഫ് എന്നിവയുടെ അനുമതിയും തേടേണ്ട സാഹചര്യമുള്ളതിനാൽ ഇരു മേധാവികളെയും യോഗത്തിൽ ഉൾപ്പെടുത്തും.
കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചു മാത്രമേ പ്രദർശനത്തിന് സാധ്യത കാണുന്നുള്ളൂവെന്ന് കലക്ടർ യോഗത്തിൽ ദേവസ്വങ്ങളോടായി അറിയിച്ചു.
അനിയന്ത്രിതമായി ആളു കൂടുന്നതിനെ യോഗത്തിൽ പങ്കെടുത്ത ഡി.എം.ഒ കെ.ജെ റീനയും സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയും എതിർത്തു. എല്ലാ ചടങ്ങുകളും പൂരത്തിൽ വേണമെന്ന് ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. ആളുകളെ പരമാവധി കുറക്കാൻ തയാറാണെന്ന് പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.
പുറത്തേക്കെഴുന്നള്ളിപ്പിന് 15 ആനകളെ അണിനിരത്തുന്നത് ചടങ്ങിെൻറ ഭാഗമാണെന്നും രാത്രി പൂരത്തിൽ ഏഴ് ആനകൾ മതിയെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ അറിയിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് മഠത്തിലേക്ക് മൂന്ന് ആന എഴുന്നള്ളിപ്പും മഠത്തിൽ വരവ് പഞ്ചവാദ്യവും ഇതിൽ അണിനിരക്കുന്ന ആനകളും പിറ്റേന്നത്തെ എഴുന്നള്ളിപ്പിനുള്ള ആനകളെയും ആചാരപരമായി തന്നെ ഉൾപ്പെടുത്തണമെന്നും തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ അറിയിച്ചു. പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏവരും സഹകരിച്ച് നടത്തണമെന്ന് മേയർ എം.കെ. വർഗീസ് അഭിപ്രായപ്പെട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ബി. നന്ദകുമാർ, തൃശൂർ തഹസിൽദാർ കെ.എസ്. സുധീർ, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ, ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.