പൂരം കലക്കൽ; വരുമോ, ജുഡീഷ്യൽ അന്വേഷണം?
text_fieldsതൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ഇനിയറിയാനുള്ളത് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുമോ എന്ന കാര്യം. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങൾ കൂടുതൽ ശക്തമായത് സർക്കാറിനെ ഈ വഴിക്ക് ചിന്തിപ്പിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രിയാവും അന്തിമ തീരുമാനമെടുക്കുക. ദേവസ്വങ്ങളും സി.പി.ഐയും റിപ്പോർട്ട് തള്ളിയ സാഹചര്യത്തിൽ മുൻ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടുമായി മുന്നോട്ടുപോവുക സർക്കാറിന് പ്രയാസകരമാണ്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ പ്രതിസന്ധി മറികടക്കാനാകുമെന്നതിനൊപ്പം സി.പി.ഐക്കും മുഖം രക്ഷിക്കാനാകും. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന പൂരം അട്ടിമറിയിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്നതിൽ മുന്നിലുള്ളത് സി.പി.ഐയാണ്. കോൺഗ്രസും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. ദേവസ്വങ്ങളും എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെ തള്ളുകയാണ്.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയും പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളുമെല്ലാം വിവാദമായി നിലനിൽക്കുമ്പോൾ പൂരം കലക്കൽ രാഷ്ട്രീയ വിഷയമായി നിലനിർത്തി മുന്നോട്ടുപോകാൻ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും തയാറാകില്ലെന്നാണ് വിലയിരുത്തൽ. തൃശൂരിൽ ഇടതു സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ പരസ്യമായി അജിത്കുമാറിന്റെ റിപ്പോർട്ടിനെ തള്ളിക്കഴിഞ്ഞു.
തൃശൂർ സി.പി.എമ്മിലെ ഒരു വിഭാഗവും പരസ്യമായല്ലെങ്കിലും അട്ടിമറിസാധ്യത ശരിവെക്കുന്നുണ്ട്. വനംവകുപ്പിനെയും ചില സന്നദ്ധ സംഘടനകളെയും സംശയമുനയിലാക്കിയാണ് ദേവസ്വങ്ങളുടെ നീക്കം. അവർ സി.ബി.ഐ അന്വേഷണമാണ് മുന്നോട്ടുവെക്കുന്നത്. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ജുഡീഷ്യൽ അന്വേഷണം നിശ്ചിത കാലയളവിൽ പൂർത്തീകരിക്കണമെന്ന് നിർബന്ധമില്ലാത്തതിനാൽ ഈ സർക്കാറിന്റെ കാലത്ത് എന്തെങ്കിലും നടപടികൾ കൈക്കൊള്ളേണ്ടിവരില്ല. കമീഷൻ എന്തു കണ്ടെത്തിയാലും രാഷ്ട്രീയമായി സർക്കാറിന് അത് തിരിച്ചടിയാവുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.