പൂരത്തിനിടെ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടന്നു -വി.എസ്. സുനിൽകുമാർ
text_fieldsതൃശൂർ: പൂരത്തിനിടെ സംഘർഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടന്നതായി തൃശൂർ ലോക്സഭ മണ്ഡലം ഇടതു സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ. സംഭവദിവസം കലക്ടർ തന്നെ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാത്രി പൊലീസും തിരുവമ്പാടി ദേവസ്വത്തിലെ ചില ഭാരവാഹികളും തമ്മിൽ അനാവശ്യ സംഘർഷം സൃഷ്ടിച്ചു. അവിടേക്ക് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്കൊപ്പം ആർ.എസ്.എസ്-സംഘ്പരിവാർ പ്രവർത്തകർ എന്തിനും തയാറായാണ് എത്തിയതെന്ന് കലക്ടർ അറിയിച്ചതായും സുനിൽകുമാർ ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൊലീസും തമ്മിൽ തർക്കമുണ്ടായ വിവരം മാധ്യമങ്ങൾ വഴി അറിഞ്ഞു. ഉടൻ റവന്യൂ മന്ത്രി കെ. രാജനെ വിളിച്ചു. ഒരുമിച്ച് സംഭവസ്ഥലത്തേക്കു പോകുന്നത് സംബന്ധിച്ച് ആലോചിച്ചു. എന്നാൽ, മന്ത്രി വന്നാൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് മുതിരുമെന്ന് കലക്ടർ അറിയിച്ചു. ചർച്ചക്ക് ഒരു തരത്തിലും തിരുവമ്പാടി വിഭാഗം വഴങ്ങുന്നില്ലെന്നും കലക്ടർ പറഞ്ഞു. അതിസുരക്ഷാമേഖലയിലെ ലൈറ്റ് സംവിധാനങ്ങൾ ഉന്നതതലത്തിലുള്ളവർ ഇടപെട്ടല്ലാതെ അണക്കാനാവില്ല. സംഘർഷത്തിനിടെ പൂരനഗരിയിലെ വിളക്കണച്ചതിലും വലിയ ദുരൂഹതയുണ്ട്. ഇതിനൊക്കെ ഉത്തരം കിട്ടണം. നേരായ അന്വേഷണം നടന്നില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ ഇടപെടും. ഇടതുപക്ഷമെന്നാൽ ഒരു വ്യക്തി മാത്രമല്ലെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.