തൃശൂർപൂരം വെടിക്കെട്ടിന് അനുമതി
text_fieldsന്യൂഡൽഹി: തൃശൂർപൂരത്തിന് ആചാരപ്രകാരംതന്നെ വെടിക്കെട്ട് നടത്താമെന്ന് സുപ്രീംകോ ടതി. ഒരു ക്ഷേത്രാചാരത്തിനും വിലക്കേര്പ്പെടുത്തിയിട്ടില്ലെന്നു ജസ്റ്റിസ് എസ്.എ. ബോ ബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പടക്കം പൊട്ടിക്കുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരുന്ന സമയനിയന്ത്രണങ്ങളിലും കോടതി ഇളവുവരുത്തി.
അതേസമയം, കേന്ദ്ര ഏജന്‍സി അനുമതി നല്‍കിയിരിക്കുന്ന പടക്കങ്ങള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷെൻറ (പെസോ) അനുമതി ആവശ്യമാണ്. ക്ഷേത്രങ്ങൾ അപേക്ഷ നൽകിയാൽ മൂന്നു ദിവസത്തിനുള്ളിൽ പെസോ പടക്കനിർമാണത്തിന് അനുമതി നൽകണമെന്നും കോടതി അറിയിച്ചു.
2018 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. രാത്രി എട്ടിനും 10നും ഇടയിലേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്നും വെടിക്കെട്ട് നടത്തണമെങ്കില്‍ തുറസ്സായ സ്ഥലത്ത് അധികൃതര്‍ ഒരുക്കിയ പ്രത്യേക ഇടങ്ങളില്‍ മാത്രമേ നടത്താവൂ എന്നുമായിരുന്നു നേരത്തേ ഉത്തരവിട്ടിരുന്നത്.
ഇതുപ്രകാരം വെടിക്കെട്ടുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇളവ് വേണമെന്നും പൂര വെടിക്കെട്ട് നടത്താന്‍ പുലര്‍ച്ചക്ക് അനുമതി നല്‍കണമെന്നുമായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. ഇതിനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുണച്ചു. ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവു നൽകണമെന്നു കേന്ദ്രവും സംസ്ഥാനവും വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.