തൃശൂർ പൂരം: നിയന്ത്രണങ്ങൾക്കെതിരെ ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
text_fieldsതൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരും. കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരത്തിനും നിയന്ത്രണങ്ങൾ കടുപ്പിച്ചതിൽ ദേവസ്വങ്ങൾ എതിർപ്പറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും യോഗം ചേരുന്നത്. ഇന്നത്തെ നിലപാട് പൂരം നടത്തിപ്പിൽ നിർണായകമാവും. അതേസമയം, കോവിഡ് വ്യാപന സാഹചര്യം ചൂണ്ടിക്കാണിച്ച് ഡി.എം.ഒ പുറത്തിറക്കിയ ജാഗ്രത വിഡിയോ സന്ദേശത്തിനെതിരെയും ദേവസ്വങ്ങൾ രംഗത്തെത്തി. പൂരം അട്ടിമറിക്കാൻ ചിലര്‍ ശ്രമിക്കുന്നെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു.
പാപ്പാന്മാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും കോവിഡ് ലക്ഷണമുള്ള പാപ്പാന്മാരെയും ഇവരുടെ ആനയെയും പങ്കെടുപ്പിക്കാനാവില്ലെന്നതടക്കമുള്ള നിർദേശങ്ങൾ വനംവകുപ്പ് അറിയിച്ചിരുന്നു. തുടർന്ന് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. ആനപാപ്പാന്മാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നാണ് ദേവസ്വങ്ങൾ ഇതിൽ ആവശ്യപ്പെട്ടത്. രോഗലക്ഷണമുള്ള പാപ്പാന്മാര്ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനം നൽകണമെന്നാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കലക്ടർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10.30ന് ഓൺലൈനിലാണ് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗം. ആവശ്യങ്ങൾ ദേവസ്വങ്ങൾ അവതരിപ്പിക്കും. പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പ്രതികരിച്ചു. പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച രാവിലെ 10 മുതല്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ടത്. ഈ ഫലം പോർട്ടലിൽ അപ്ലോഡ് ചെയ്താലേ പാസ് കിട്ടൂ. പൂരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.