പൂരം കലക്കൽ അന്വേഷണം: ഒടുവിൽ സുനിൽ കുമാറിന്റെ മൊഴിയെടുത്തു
text_fieldsതൃശൂർ: തൃശൂർ പൂരം കലക്കൽ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഒടുവിൽ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽ കുമാറിന്റെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇതുവരെ മൊഴിയെടുക്കാൻ സമീപിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വി.എസ്. സുനിൽ കുമാർ ‘മാധ്യമ’ത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഈ വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് പൊലീസ് നടപടി. മലപ്പുറം അഡീഷനൽ എസ്.പി ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തൃശൂർ രാമനിലയത്തിൽ എത്തി എൽ.ഡി.എഫിന്റെ ലോക്സഭ സ്ഥാനാർഥി കൂടിയായിരുന്ന സുനിൽ കുമാറിന്റെ മൊഴിയെടുത്തത്.
പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് താൻ നേരത്തേ ഉന്നയിച്ചിട്ടുള്ള വിവരങ്ങൾ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസ് വർഗീയശക്തികളും സംഘ്പരിവാർ തീവ്രവാദികളും ബി.ജെ.പി ലോക്സഭ സ്ഥാനാർഥി സുരേഷ് ഗോപിയും ആണെന്നായിരുന്നു സുനിൽ കുമാറിന്റെ ആരോപണം.
ഇത് ശരിവെക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ സംഘ്പരിവാർ സംഘം പൂരം കലക്കി എന്നാണ് സുനിൽ കുമാറിന്റെ നിലപാട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് ഗോപി പൂരവേദിയിലേക്ക് എത്തിയത് എങ്ങനെ എന്ന് വിശദമായി അന്വേഷിക്കണം.
സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറാകുന്നില്ല. സുരേഷ് ഗോപിയുടെയും ആർ.എസ്.എസ്-സംഘ്പരിവാർ നേതാക്കളുടെയും സാന്നിധ്യം തിരിച്ചറിയണമെങ്കിൽ ദൃശ്യങ്ങൾ പുറത്തുവന്നേ മതിയാകൂ. ബാരിക്കേഡ് വെച്ച് തങ്ങളെയടക്കം തടഞ്ഞ പൊലീസ് തന്നെയാണ് സുരേഷ് ഗോപിയെയും സംഘത്തെയും കടത്തിവിട്ടത്. ഇത് ദൃശ്യങ്ങളിൽ വ്യക്തമാകുമെന്നും സുനിൽ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി അന്വേഷണസംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. പൊലീസും പൂരസ്ഥലത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമാണ് പൂരം അലങ്കോലമാക്കാൻ ഏക കാരണക്കാർ എന്നായിരുന്നു ഇവരുടെ നിലപാട്.
എന്നാൽ ദേവസ്വം വകുപ്പ്, മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ എന്നിവരെല്ലാം തിരുവമ്പാടി ദേവസ്വമാണ് പൂരം അലങ്കോലമാക്കാൻ സഹായമൊരുക്കിയതെന്നും പൂരം നിർത്തിവെച്ചത് അവരാണെന്നും ഉള്ള നിലപാടാണ് സ്വീകരിച്ചത്. പൂരം അലങ്കോലമാക്കാൻ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച സ്വകാര്യ ഏജൻസിയായ വരാഹി അനലറ്റിക്സിന്റെ ദുരൂഹ പ്രവർത്തനം സംബന്ധിച്ചും അന്വേഷണം വേണം എന്നാണ് പൂരം പ്രേമികളുടെ ആവശ്യം. എന്നാൽ, ഇവരെ തൊടാൻ ഇനിയും അന്വേഷണ സംഘം തയാറായിട്ടില്ല. പൂരം കലക്കലിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ പങ്ക്, പൂരം അലങ്കോലപ്പെടുത്തൽ വിശദ അന്വേഷണം, ഉദ്യോഗസ്ഥ വീഴ്ച എന്നിവയിലാണ് ത്രിതല അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.