തൃശൂർ പൂരത്തിന് പരിസമാപ്തി; ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു
text_fieldsതൃശൂർ: തൃശൂർ പൂരത്തിൻ്റെ ചടങ്ങുകൾ സമാപിച്ചു. ഇന്നലെ അർധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടു പേർ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ പതിവിലും നേരത്തെ അവസാനിപ്പിച്ചത്. ഇന്ന് പകൽ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ രാവിലെ തന്നെ പൂർത്തിയാക്കി. ഇത് ഉച്ചയ്ക്കാണ് നടക്കാറുള്ളത്. അടുത്തവർഷം മേയ് 10നാണ് പൂരം.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഘടകക്ഷേത്രങ്ങളിലെ കണിമംഗലം വിഭാഗം ആദ്യമെത്തിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ, കിഴക്കുംപാട്ടുകര പനമുക്കംപള്ളി, ചെമ്പൂക്കാവ്, കാരമുക്ക്-പൂക്കാട്ടിക്കര, ലാലൂര്‍, ചൂരക്കോട്ടുക്കാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്തലക്കാവ് എന്നീ വിഭാഗങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തി മടങ്ങി. ഏഴരയോടെ തിരുവമ്പാടി വിഭാഗം മഠത്തിലേക്ക് പുറപ്പെട്ടു. കൊമ്പന് കണ്ണന് തിടമ്പേറ്റി. പഴയ നടക്കാവിലെ മഠത്തിലെത്തി ഇറക്കി പൂജക്ക് ശേഷം 11.30ന് പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിച്ചു. കോങ്ങാട് മധുവായിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റി.
രണ്ടരയോടെ നായ്ക്കനാലില്‍ എത്തി പഞ്ചവാദ്യം അവസാനിപ്പിച്ച് ശ്രീമൂലസ്ഥാനത്തേക്ക് പാണ്ടി കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്വത്തിൽ പഞ്ചാരി. നാലേമുക്കാലിന് മേളം അവസാനിപ്പിച്ച് വടക്കുംനാഥനെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരനട വഴി പുറത്തിറങ്ങി.
പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് വിഭാഗം 15 ആനകളോടെ പുറത്തേക്ക് എഴുന്നള്ളി. ചുവന്ന കുട ചൂടി പ്രൗഢി ചോരാത്ത പുറപ്പാടിന് പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റി. ഭഗവതിയെ പാണി കൊട്ടി പുറത്തിറക്കിയ പെരുവനം കുട്ടന്മാരാര് പ്രമാണിയായി ക്ഷേത്ര മുറ്റത്ത് വിസ്തരിച്ച ചെമ്പട മേളം. സ്പെഷൽ കുടകൾ ഉൾപ്പെടെ അവതരിപ്പിച്ച് കുടമാറ്റത്തിെൻറ പകർന്നാട്ടം. ഒന്നേമുക്കാലോടെ മേളം കലാശിച്ച് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. രണ്ടരയോടെ പെരുവനവും ഇരുന്നൂറിലധികം കലാകാരൻമാരും അണിനിരന്ന ഇലഞ്ഞിത്തറ മേളം. മേളത്തിനു ശേഷം പാറമേക്കാവും തുടർന്ന് തിരുവമ്പാടിയും തെക്കേഗോപുരം വഴി ഇറങ്ങി.
പാറമേക്കാവ് ഭഗവതിയുടെ തിടേമ്പറ്റിയ പത്മനാഭൻ രാജാവിെൻറ പ്രതിമ വലം വെച്ച് വരുന്നതിനിടയിൽ തിരുവമ്പാടി തെക്കേഗോപുരത്തിൽ നിലയുറപ്പിച്ചു. തെക്കേഭാഗത്ത് പാറമേക്കാവിെൻറ 15 ആനകൾ നിരന്നപ്പോൾ വടക്ക് ഭാഗത്ത് തിരുവമ്പാടിയുടെ ചന്ദ്രശേഖരൻ മാത്രം. കുടമാറ്റം ഇത്തവണ കുടകളുടെ പ്രദര്‍ശനമായിരുന്നു.
പൂരങ്ങൾ രാത്രിയിലും ആവര്‍ത്തിച്ചു. തിരുവമ്പാടിയുടെ രാത്രി പൂരത്തിന് കുട്ടൻകുളങ്ങര അര്ജുനന് തിടമ്പേറ്റി. പാറമേക്കാവിന് ഗുരുവായൂര്‍ നന്ദനും. പാറമേക്കാവിെൻറ രാത്രി പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയായി.
പുരുഷാരം നിറയുന്ന തേക്കിൻകാട് മൈതാനിയിൽ പൂരനാളിൽ പൊലീസ് മാത്രമായിരുന്നു നിറഞ്ഞത്. ദേവസ്വം ഭാരവാഹികൾ, പൂരം കമ്മിറ്റിക്കാർ, വെടിക്കെട്ട് ജോലിക്കാർ എന്നിവർക്കെല്ലാം പാസ് നൽകിയാണ് പൊലീസ് പ്രവേശിച്ചത്. കഴിഞ്ഞവർഷം എല്ലാം ചടങ്ങായി മാത്രം നടത്തിയ പൂരം സംഘാടകർ ഇത്തവണ ഓരോ ആനയെ വീതം എഴുന്നള്ളിച്ചു. രണ്ടായിരത്തിലധികം പൊലീസുകാരാണ് ഇത്തവണ ഡ്യൂട്ടിക്കായി എത്തിയത്. എല്ലാവഴികളും അടച്ചിട്ടും പൂരപ്പറമ്പിൽ മാത്രം 700 പൊലീസുകാരെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.