പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്; വൈകിയത് നാല് മണിക്കൂർ
text_fieldsതൃശൂർ: പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഉയർന്ന പ്രതിഷേധം പരിഹരിച്ച് പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട് നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ട് നാലു മണിക്കൂർ വൈകി ഏഴ് മണിക്കാണ് തുടങ്ങിയത്. ആദ്യം പാറമേക്കാവ് ദേവസ്വവും തുടർന്ന് തിരുവമ്പാടി ദേവസ്വവും നടത്തിയ വെടിക്കെട്ട് ആസ്വദിക്കാൻ പൂരപ്രേമികൾ തടിച്ചുകൂടി.
വെടിക്കെട്ട് വൈകിയതിനാൽ പൂരത്തിന്‍റെ മറ്റ് ചടങ്ങുകളും വൈകും. ചടങ്ങുകളുടെ ദൈർഘ്യം കുറക്കാൻ തീരുമാനിച്ചില്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ അടക്കമുള്ള ചടങ്ങുകൾ വൈകാൻ കാരണമാകും.
പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും.
രാത്രി പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെക്കുകയായിരുന്നു. ഇത് വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകൾ വൈകാൻ കാരണമായി. തുടർന്ന് മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ പ്രശ്ന പരിഹാര ചർച്ചയിലാണ് വെടിക്കെട്ട് നടത്താൻ തിരുവമ്പാടി ദേവസ്വം തയാറായത്.
രാത്രിയിൽ മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടക്ക് മുന്നിൽ നിന്ന് പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. സംഭവത്തിൽ നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. പൂരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.
പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.