തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
text_fieldsതൃശൂർ: തൃശൂർ പൂരത്തിന്‍റെ ഭാഗമായുള്ള പ്രധാന വെടിക്കെട്ട് വീണ്ടും മാറ്റി. നഗരത്തിൽ ശക്തമായ മഴയുടെ സാഹചര്യം നിലനിൽക്കുന്നതിനാലാണിത്. മന്ത്രിമാരും കലക്ടറും ദേവസ്വം ഭാരവാഹികളും അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് തീരുമാനിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴിന് വെടിക്കെട്ട് നടത്താം എന്നാണ് ഇപ്പോഴത്തെ ധാരണ.
തൃശൂർ നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം മഴയുണ്ട്. പൂരം നടന്ന ചൊവ്വാഴ്ച മഴ മൂലം മാറ്റിയ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന് നടത്താനായിരുന്നു തീരുമാനം. ഇന്ന ഉച്ചയോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് സമാപനമായിരുന്നു.പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരം അവസാനിച്ചത്.
ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയർത്തി.
അതിനുമുമ്പ് മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ മതിലകത്തേക്ക് പ്രവേശിച്ചതോടെ പകൽ പൂരത്തിന്‍റെ വെടിക്കെട്ടിന് ഒരുക്കമായി. ചെറിയ തോതിൽ വെടിക്കെട്ടും നടന്നു. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.