തൃശൂർ പൂരം: നിബന്ധനകൾ പാലിച്ച് മുന്നോട്ടു പോകാൻ ജില്ല ഭരണകൂടം
text_fieldsതൃശൂർ: പൂരത്തിന്‍റെ ആഘോഷങ്ങൾക്ക് മാറ്റു കുറയ്ക്കില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾക്കു തന്നെ പ്രഥമ പരിഗണന നൽകണമെന്നുമുള്ള സർക്കാർ നിബന്ധന പാലിച്ച് പൂരം നടത്താൻ ജില്ലാ ഭരണകൂടം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായും മറ്റ് ഉന്നത തല വകുപ്പുമേധാവികളുമായും കലക്ടർ എസ്. ഷാനവാസ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
ഇതിന്‍റെ ഭാഗമായി പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി ആളുകളെ നിയന്ത്രിക്കും. പൂരത്തിനെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇത് പരിശോധിക്കുന്നതിനായി ജില്ലാ പൊലീസ് വിഭാഗം, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പൂരപ്പറമ്പിൽ വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കും.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാൻമാർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കും. പാപ്പാന് കോവിഡ് പോസിറ്റീവായാൽ ആനയെ എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി നിർത്തുമെന്നും കലക്ടർ ഇരുദേവസ്വത്തെയും അറിയിച്ചു. എന്നാൽ ഈ തീരുമാനം പുന: പരിശോധിക്കണമെന്ന് ഇരു ദേവസ്വങ്ങളും യോഗത്തിൽ ഉന്നയിച്ചപ്പോൾ ദേവസ്വങ്ങളുടെ ഈ താത്പര്യം തിങ്കളാഴ്ച നടക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ അറിയിക്കാമെന്നും കലക്ടർ ദേവസ്വം ഭാരവാഹികളോട് വ്യക്തമാക്കി.
പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള സമയക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിവരങ്ങളും ചീഫ് സെക്രട്ടറിയുടെ യോഗശേഷം കലക്ടർ ദേവസ്വത്തെ അറിയിക്കും.
പൂരം എക്സിബിഷൻ തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ പൂരപ്പറമ്പിലെ ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും കോർപ്പറേഷനും ഏറ്റെടുത്ത് നടത്തണമെന്നും ഇരുദേവസ്വങ്ങളും യോഗത്തെ അറിയിച്ചു. ഈ സാഹചര്യത്തിൽ പൂരപ്പറമ്പിൽ ചെയ്തു തീർക്കേണ്ട അത്യാവശ്യ ഒരുക്കങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്താമെന്നും കലക്ടർ വ്യക്തമാക്കി.
പൂരത്തിൽ പങ്കെടുക്കുന്ന ഇരുദേവസ്വങ്ങളുടെയും കലാകാരന്മാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൽ കോവിഡ് നിബന്ധനകളില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കണം. കോവിഡ് രോഗവ്യാപനം കൂടിയാൽ നഗരപ്രദേശങ്ങളിൽ കണ്ടയ്ൻമെൻ്റ് സോണുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കും. എന്നാൽ പൂരത്തിന്‍റെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികളും കൈകൊള്ളുമെന്നും കലക്ടർ കലക്ടർ വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആദിത്യ, ദേവസ്വം കമ്മീഷണർ എൻ. ജ്യോതി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവികുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു തുങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.