ഇന്ന് പൂരപ്പെരുക്കം
text_fieldsതൃശൂർ: മതിവരാ കാഴ്ചകളുടെ വിസ്മയങ്ങളിലേക്ക് വടക്കുന്നാഥന്റെ തെക്കേ ഗോപുര വാതിൽ തുറന്നു. ഇന്ന് മേളപ്പെരുക്കവും കുടമാറ്റത്തിന്റെ അഴകും വെടിക്കെട്ടിന്റെ വിസ്മയവും ഇഴചേരുന്ന തൃശൂർ പൂരം.
നൂറ്റാണ്ട് പിന്നിട്ട ചിട്ടവട്ടങ്ങൾ തെറ്റാതെ ശനിയാഴ്ച രാവിലെ എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി കുറ്റൂർ നെയ്തലക്കാവിലമ്മ ഗോപുരനട തുറന്ന് പൂര വിളംബരമറിയിച്ചു. പൊരിവെയിലിനെ കൂസാതെയെത്തിയ ആയിരങ്ങൾ ആർപ്പുവിളികളോടെ വിളംബരം നെഞ്ചേറ്റി. വൈകീട്ട് പെയ്ത മഴ ആശങ്ക ഉയർത്തിയെങ്കിലും പൂരാവേശത്തിന് ഒട്ടും കുറവില്ല.
രാവിലെ എട്ടോടെയാണ്, കുറ്റൂർ നെയ്തലക്കാവിൽനിന്ന് ഭഗവതിയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. എഴുന്നള്ളിപ്പ് ഷൊർണൂർ റോഡ് വഴി ശ്രീമൂലസ്ഥാനത്തെത്തിയതോടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം തുടങ്ങി. എഴുന്നള്ളിപ്പ് പടിഞ്ഞാറേ നട വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് കടന്ന് തെക്കേ ഗോപുരനടയിലെത്തി 11.30ഓടെ ഗോപുരവാതിൽ തുറന്നിട്ടു. നിലപാടുതറയിൽ പ്രവേശിച്ച് മൂന്നുതവണ ശംഖ്നാദം മുഴക്കിയതോടെ പൂരവിളംബരം പൂർണമായി. ഇരുവിഭാഗങ്ങളുടെയും ആനച്ചമയം കാണാൻ രാത്രിയിലും തിരക്കായിരുന്നു. വൈകീട്ട് ആനകളുടെ പരിശോധനയും പൂർത്തിയാക്കി.
ഞായറാഴ്ച പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി ഭഗവതി വടക്കുന്നാഥനിലെത്തും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും.
15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയാകും. രണ്ടോടെയാണ് വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവെച്ച് തെക്കേ ഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.
ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. തിങ്കളാഴ്ച പുലർച്ച മൂന്നുമുതൽ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.